ബോഫോഴ്സ് കേസിൽ തുടരന്വേഷണം നടത്തും; ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തള്ളി സിബിഐ

ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ഡൽഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തള്ളി സിബിഐ
ബോഫോഴ്സ് കേസിൽ തുടരന്വേഷണം നടത്തും; ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തള്ളി സിബിഐ

ന്യൂഡൽഹി: ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ഡൽഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തള്ളി സിബിഐ. സ്വകാര്യ അന്വേഷകന്‍ മിഖായേല്‍ ഹെര്‍ഷ്മാന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ചതെന്നും തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ സിബിഐ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും സിബിഐ വക്താവ് നിതിന്‍ വകന്‍കര്‍ പറഞ്ഞു. പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. 

മെയ് ഒൻപതിന് തുടരന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2005 മെയ് 31ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഫെബ്രുവരി രണ്ടിനാണ് സുപ്രീം കോടതിയിലും സിബിഐ ഹർജി സമര്‍പ്പിച്ചത്. ഹര്‍ജി സമര്‍പ്പിക്കാന്‍ 13 വര്‍ഷം കാലതാമസമെടുത്തെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി. എങ്കിലും എതിര്‍കക്ഷിയെന്ന നിലയില്‍ കേസില്‍ സിബിഐയുടെ ഹര്‍ജിക്ക് സാധുതയുണ്ടായിരുന്നതിനാലാണ് വിചാരണക്കോടതിയില്‍ തള്ളിപ്പോകാതിരുന്നത്.  

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ വീണ്ടും അന്വേഷണത്തിന് അനുമതി തേടി 2018 ഡിസംബര്‍ നാലിനാണ് സിബിഐ കോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍ നടപടികള്‍ എന്തെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി. 

1986ല്‍ സ്വീഡനിലെ എബി ബോഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ കരസേനയ്ക്കു 155 എംഎം ന്റെ 410 പീരങ്കികള്‍ വാങ്ങുന്നതിന് 1437 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചതില്‍ 64 കോടി രൂപ കോഴ നല്‍കി എന്നായിരുന്നു കേസ്. 1999ല്‍ സിബിഐ ഫയല്‍ചെയ്ത കേസില്‍ ആയുധ ഇടപാടുകാരന്‍ വിന്‍ ഛദ്ദ, ഒട്ടാവിയോ ക്വത്തറോക്കി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നഗര്‍, മാര്‍ട്ടിന്‍ അര്‍ബഡോ, ബോഫോഴ്‌സ് കമ്പനി, ഹിന്ദൂജാ സഹോദരന്മാര്‍ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവരെ പ്രതിചേര്‍ത്തിരുന്നു. 

അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗൂഢാലോചനയില്‍ പങ്കാളിയാണ് എന്നായിരുന്നു ആരോപണം. 1989ല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ചതു ബോഫോഴ്‌സ് ആയുധ ഇടപാടിലെ കോഴ വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com