മമതയ്ക്ക് പിന്തുണയുമായി മായാവതി ; കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് ; ബംഗാളിലെ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്

മോഡല്‍ കോഡ് ഓഫ് കണ്ടക്ട് (തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം) അല്ലെന്നും, 'മോദി കോഡ് ഓഫ് മിസ് കണ്ടക്ട്' ആണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു
മമതയ്ക്ക് പിന്തുണയുമായി മായാവതി ; കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് ; ബംഗാളിലെ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്

ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച ബിഎസ്പി നേതാവ് മായാവതി, പ്രധാനമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മമതാ ബാനര്‍ജിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇങ്ങനെയാണോ ഒരു പ്രധാനമന്ത്രി പെരുമാറേണ്ടതെന്ന് മായാവതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും മായാവതി വിമര്‍ശിച്ചു. 'അക്രമസാധ്യത കണക്കിലെടുത്തായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെത്തന്നെ പ്രചാരണം അവസാനിപ്പിക്കണമായിരുന്നു. എന്നാല്‍ ഇന്ന് ബംഗാളില്‍ മോദിക്ക് രണ്ട് റാലികളുണ്ട്. അതുകൊണ്ട് മാത്രമാണ് പ്രചാരണം അവസാനിപ്പിക്കുന്നത് ഇന്നു രാത്രിയിലേക്ക് മാറ്റിയത്. ഇത് പക്ഷപാതിത്വമല്ലാതെ മറ്റെന്താണ്?' എന്നും മായാവതി ചോദിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ തീരുമാനത്തെ ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടനയെ വഞ്ചിക്കലാണ്. ഇത് മോഡല്‍ കോഡ് ഓഫ് കണ്ടക്ട് (തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം) അല്ലെന്നും, 'മോദി കോഡ് ഓഫ് മിസ് കണ്ടക്ട്' ആണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ''മോദിയുടെയും ഷായുടെയും കയ്യിലെ കളിപ്പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിപ്പോള്‍. മോദിയുടെ റാലികള്‍ക്ക് ഫ്രീ പാസ് കൊടുത്ത കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുകയാണ്'', സുര്‍ജേവാല പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ പതിനൊന്നിലധികം പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും സുര്‍ജെവാല ആരോപിച്ചു. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അധാര്‍മികവും പക്ഷപാതപരവുമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികള്‍ വ്യാഴാഴ്ചത്തേക്കാണ് നിശ്ചയിച്ചിരുന്നത്. അതിനാലാണ് പ്രചാരണ സമയം ഇന്നുവരെ നല്‍കിയത്. അത് പൂര്‍ത്തിയാക്കാനുള്ള അവസരം ബി.ജെ.പിക്ക് നല്‍കുകയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അത്തരമൊരു സമയം അനുവദിക്കാതെ ഒരു ദിവസം വെട്ടിക്കുറച്ചു. ഇത് ആസൂത്രിതമാണ്. ബംഗാളില്‍ അമിത് ഷാ യുടെ റാലിക്കിടെയുണ്ടായ അക്രമം ആസൂത്രിതമാണ്. പുറത്തുനിന്നുള്ള ഗുണ്ടകളാണ് അക്രമം നടത്തിയത്' മമത ആരോപിച്ചു.


അമിത് ഷായുടെ 'ജയ് ശ്രീറാം' റാലിയില്‍ അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് അസാധാരണ നീക്കത്തിലൂടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324ാം അനുച്ഛേദപ്രകാരം, തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനോ, നീട്ടി വയ്ക്കാനോ, സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ നടപടിയെടുക്കാനോ മാത്രമേ ഇതുവരെ ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുള്ളൂ. 

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെട്ട സിഐഡി ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാറിനെ കമ്മീഷന്‍ സ്ഥലം മാറ്റിയിരുന്നു. രാജീവ് കുമാറിനോട് ഇന്ന് ഹാജരാകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ പരാതിയില്‍ ആഭ്യന്തര, ആരോഗ്യകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അത്രി ഭട്ടാചാര്യയെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതായി ബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ മമതാ ബാനര്‍ജി, സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണിതെന്നും അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് രാജ്യത്തെന്നും ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com