'ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്'; വിവാദ പരാമര്‍ശത്തില്‍ അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍ 

ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി വക്താവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍
'ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവ്'; വിവാദ പരാമര്‍ശത്തില്‍ അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍ 

ന്യൂഡല്‍ഹി: ഗാന്ധിജി പാകിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി വക്താവ് അനില്‍ സൗമിത്രയ്ക്ക് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും അദ്ദേഹത്തെ നീക്കിയതായി ബിജെപി അറിയിച്ചു. ഏഴു ദിവസത്തിനകം വിവാദ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നും അനില്‍ സൗമിത്രയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്കിലൂടെയാണ് അനില്‍ സൗമിത്ര ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.ഗാന്ധിജിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച സൗമിത്ര, ഇന്ത്യയില്‍ ഗാന്ധിജിയെ പോലെ ലക്ഷകണക്കിന് ആണ്‍മക്കളുണ്ടായിരുന്നു എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് ഗാന്ധിജിയെ രാഷ്ട്രപിതാവായാണ് വിശേഷിപ്പിക്കുന്നത്. മകന്‍ ഒരു രാജ്യത്തിന്റെ പിതാവാകില്ല. പിതാവ് പളളിയിലാണെന്നും അനില്‍ സൗമിത്ര പറഞ്ഞു.

ഗാന്ധിജിയുടെ ശ്രമഫലമായാണ് പാകിസ്ഥാന്‍ രൂപം കൊണ്ടത്. ജിന്നയുടെയും നെഹ്‌റുവിന്റെയും സ്വപ്‌നങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. 'ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളാണ്. ആര്‍എസ്എസിന്റെ സ്വന്തം ദാസന്‍ എന്ന നിലയില്‍ അവരുടെ പേരുകള്‍ എല്ലാ ദിവസവും രാവിലെ ഞങ്ങള്‍ ഉരിയാടാറുണ്ട്' - ഇങ്ങനെയാണ് സൗമിത്രയുടെ വാക്കുകള്‍ നീളുന്നത്.

ഗോഡ്‌സെ അനുകൂല വിവാദ പ്രസ്താവനകള്‍ നടത്തിയ പാര്‍ട്ടി നേതാക്കളായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍, അനന്ത കുമാര്‍ ഹെഗ്‌ഡെ, നളില്‍ കുമാര്‍ കട്ടീല്‍ എന്നിവരോട് വിശദീകരണം തേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ല. അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

വിവാദ പ്രസ്താവനകള്‍ നടത്താനിടയായ കാരണം സംബന്ധിച്ച് പ്രജ്ഞാ സിംഗ് ഠാക്കൂര്‍, അനന്ത കുമാര്‍ ഹെഗ്‌ഡെ എന്നിവരോട് അച്ചടക്ക സമിതി വിശദീകരണം തേടും. ബിജെപി എംപി നളില്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവനയും സമിതി പരിശോധിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 

നാഥുറാം ഗോഡ്‌സെയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്നായിരുന്നു ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടത്. പാര്‍ട്ടി പ്രസ്താവന തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രജ്ഞ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ പ്രജ്ഞയുടെ നിലപാടിനെ പിന്തുണച്ച് അനന്ത് കുമാര്‍ ഹെഗ്‌ഡെ രംഗത്തു വരികയായിരുന്നു. 

ഹെഗ്‌ഡെയുടെ നിലപാട് വിവാദമായതോടെ, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഹെഗ്‌ഡെ വിശദീകരിച്ചത്. ഇതിനിടെ രാജീവ് ഗാന്ധിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്തുകൊണ്ടാണ് നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്തെത്തിയത്. ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72 പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തൂ എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com