സംഘടനാ നിയമം ലംഘിച്ചു ഗര്‍ഭിണിയായി; നേതാവിനെ മാവോയിസ്റ്റുകള്‍ പുറത്താക്കി, കീഴടങ്ങല്‍; ആശുപത്രിയില്‍ സുഖപ്രസവം

സംയുക്ത സുരക്ഷാ സേന കാട്ടില്‍ നടത്തിയ തെരച്ചിലിനിടെയാണ് കാടിനുള്ളിലെ ഒറ്റ വീട്ടില്‍ നവജാതശിശുവുമായി കഴിയുന്ന സുനിതയെ കണ്ടെത്തിയത്
സംഘടനാ നിയമം ലംഘിച്ചു ഗര്‍ഭിണിയായി; നേതാവിനെ മാവോയിസ്റ്റുകള്‍ പുറത്താക്കി, കീഴടങ്ങല്‍; ആശുപത്രിയില്‍ സുഖപ്രസവം


റായ്പൂര്‍: ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ സംഘത്തില്‍ നിന്ന് പുറത്താക്കിയ വനിതാ നേതാവ് പൊലീസില്‍ കീഴടങ്ങി. സുഖ്മ സ്വദേശിയും ബിഎസ്എഫ് ജവാനെ വധിച്ച കേസില്‍ പ്രതിയുമായ സുനിതയാണ് നവജാതശിശുവുമായി കീഴടങ്ങിയത്. ഇവരെ കാങ്കര്‍ പൊലീസിന്റെ സംരക്ഷണയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംയുക്ത സുരക്ഷാ സേന കാട്ടില്‍ നടത്തിയ തെരച്ചിലിനിടെയാണ് കാടിനുള്ളിലെ ഒറ്റ വീട്ടില്‍ നവജാതശിശുവുമായി കഴിയുന്ന സുനിതയെ കണ്ടെത്തിയത്. പൊലീസില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് സുനിതയെയും കുട്ടിയെയും സേന ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. 

2014 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സുനിത. രണ്ട് വര്‍ഷം മുമ്പാണ് കാങ്കര്‍ വനത്തിലേക്ക് സുനിത എത്തിയത്. സംഘടനാപ്രവര്‍ത്തനത്തിനിടെ കുടുംബജീവിതം മാവോയിസ്റ്റുകള്‍ വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് സുനിതയെ സംഘത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സുനിതയുടെ നേതൃത്വത്തിലുള്ള സംഘം തഡോക്കിയില്‍ വച്ച് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ബിഎസ്എഫ് ജവാനെ വധിച്ചത്. സുനിതയെ മുഖ്യധാരയിലേക്ക് തിരികെയെത്തിക്കുന്നതിനായും സ്വയം പര്യാപ്തത നേടുന്നതിനും സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com