രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണ്ടായിട്ടില്ല; രൂക്ഷ വിമര്‍ശനവുമായി കെജ് രിവാള്‍

മോദിയുടെ റാലിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത് എന്തിന്റെ പേരിലാണെന്ന് കെജ് രിവാള്‍ ചോദിച്ചു
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണ്ടായിട്ടില്ല; രൂക്ഷ വിമര്‍ശനവുമായി കെജ് രിവാള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ, ഇത്രയും പക്ഷാപാതപരമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിട്ടില്ലെന്ന് കെജ് രിവാള്‍ പറഞ്ഞു. മോദിയുടെ റാലിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത് എന്തിന്റെ പേരിലാണെന്ന് കെജ് രിവാള്‍ ചോദിച്ചു. 

തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമീപനത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയാണ്. ബംഗാളിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മോദിയെ ഒരു പാഠം പഠിപ്പിക്കുമെന്നും മമതാ ബാനര്‍ജിയെ പിന്തുണച്ചു കൊണ്ട് കെജ് രിവാള്‍ പറഞ്ഞു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കെജ് രിവാളിന്റെ വാക്കുകള്‍. ബംഗാളിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ മൊബൈല്‍ ടോര്‍ച്ച് റാലി സംഘടിപ്പിച്ചിരുന്നു. 

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച സമീപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണിക്കുന്ന ക്ഷമിക്കാനാവാത്ത വഞ്ചനയാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ബിജെപിയുടെ നീക്കം തീക്കളിയാണെന്ന വിമര്‍ശനമാണ് ബിഎസ്പി നേതാവ് മായാവതി ഉന്നയിച്ചത്.

ഭരണഘടനയിലെ 324ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം പ്രയോഗിച്ചായിരുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ദിവസം വെട്ടിക്കുറച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടയില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com