'അടുത്തതവണ ഉത്തരം പറയാന്‍ അമിത് ഷാ നിങ്ങളെ അനുവദിക്കുമായിരിക്കും'; പരിഹാസവുമായി രാഹുല്‍ ഗാന്ധി

'അടുത്തതവണ ഉത്തരം പറയാന്‍ അമിത് ഷാ നിങ്ങളെ അനുവദിക്കുമായിരിക്കും'; പരിഹാസവുമായി രാഹുല്‍ ഗാന്ധി

ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം എത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയാറായില്ല


ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അടുത്ത തവണ കുറച്ച് ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാന്‍ അമിത് ഷാ അനുവദിച്ചേക്കും എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പറഞ്ഞത്. 

അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യമായാണ് മോദി വാര്‍ത്താസമ്മേളനം നടത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം എത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയാറായില്ല. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'അഭിനന്ദനങ്ങള്‍ മോദിജി. മഹത്തായ വാര്‍ത്താസമ്മേളനം. നിങ്ങള്‍ പാതി യുദ്ധം ജയിച്ചിരിക്കുന്നു. അടുത്ത തവണ മിസ്റ്റര്‍ ഷാ കുറച്ച് ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കുമായിരിക്കും. നന്നായിട്ടുണ്ട്' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം വരെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. അപ്രതീക്ഷിതമായാണ് അമിഷ് ഷായ്‌ക്കൊപ്പം മോദിയെത്തിയത്. വാര്‍ത്താ സമ്മേളനത്തിനെത്തിയ മോദി ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞു. മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി അധ്യക്ഷന്‍ നല്‍കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com