ഗോഡ്‌സെ വിവാദം കത്തി; മഹാത്മാ ഗാന്ധിയെ സോഷ്യല്‍ മീഡിയ മുഖമാക്കി കോണ്‍ഗ്രസ്

ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്
ഗോഡ്‌സെ വിവാദം കത്തി; മഹാത്മാ ഗാന്ധിയെ സോഷ്യല്‍ മീഡിയ മുഖമാക്കി കോണ്‍ഗ്രസ്

ഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സേയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയാണ് എന്ന് പറഞ്ഞ കമല്‍ഹാസന്റെ പ്രസ്താവന നിരവധി വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. ഗോഡ്‌സെയ്ക്ക് പരസ്യ പിന്തുണയുമായി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്. വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം നിറയുകയാണ്. 

ഫേയ്‌സ്ബുക്കിലേയും ട്വിറ്ററിലേയും കോണ്‍ഗ്രസിന്റെ ഓദ്യോഗിക പേജിന്റെ മുഖചിത്രമാണ് കോണ്‍ഗ്രസ് മാറ്റിയത്. ഗാന്ധി ഘാതകനെ പ്രകീര്‍ത്തിച്ച് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുഖംമാറ്റം. അനന്ദ് കുമാര്‍ ഹെഗ്‌ഡേ, പ്രജ്ഞ സിങ്, നളിന്‍ കട്ടീല്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 

ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞ സിങ് താക്കൂര്‍ പറഞ്ഞത്. ബിജെപി നേതൃത്വം ഇതിനെതിരേ രംഗത്തെത്തിയതോടെ അവസാനം പ്രജ്ഞ ക്ഷമ പറഞ്ഞ് തടിയൂരുകയായിരുന്നു. മഹാത്മാഗാന്ധിയെ പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനില്‍ സൗമിത്രയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com