ചുഴലിക്കാറ്റ് വീടെടുത്തു, ടൊയ്‌ലറ്റില്‍ താമസമാക്കി രണ്ടു പെണ്‍കുട്ടികളുടെ കുടുംബം; ദുരിതം

ഒഡീഷയില്‍ വീശിയടിച്ച ഫാനി ചുഴലിക്കാറ്റില്‍ വീടു തകര്‍ന്ന കിറോഡ് ജെനയുടെ ദുരിതക്കഥയാണിത്
ചുഴലിക്കാറ്റ് വീടെടുത്തു, ടൊയ്‌ലറ്റില്‍ താമസമാക്കി രണ്ടു പെണ്‍കുട്ടികളുടെ കുടുംബം; ദുരിതം

ഭുവനേശ്വര്‍: കൊടുങ്കാറ്റില്‍ വീടുതകര്‍ന്നപ്പോള്‍, ദലിതനായ കുടുംബനാഥന്‍ മറ്റൊന്നും ആലോചിച്ചില്ല. ശൗചാലയം തന്നെ താമസസ്ഥലമാക്കി മാറ്റി. ഒഡീഷയില്‍ വീശിയടിച്ച ഫാനി ചുഴലിക്കാറ്റില്‍ വീടു തകര്‍ന്ന കിറോഡ് ജെനയുടെ ദുരിതക്കഥയാണിത്.

മെയ് മൂന്നിനാണ് രണ്ടു പെണ്‍മക്കളുടെ പിതാവും 58കാരനുമായ കിറോഡ് ജെനയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി ചുഴലിക്കാറ്റ് ഒഡീഷന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ കിറോഡിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. തുടര്‍ന്ന് മറ്റു നിവൃത്തിയില്ലാതെ, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ഭാരതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ശൗചാലയത്തിലേക്ക് താമസം മാറ്റുകയായിരുന്നു. നിലവില്‍ ഏഴ് അടി നീളവും ആറ് അടി വീതിയുമുളള നാലുചുമരുകള്‍ക്ക് ഉളളിലാണ് ഭാര്യയും മക്കളും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്. 

'ചുഴലിക്കാറ്റ് എന്റെ വീട് തകര്‍ത്തു. ശൗചാലയം അതേപോലെ നിന്നു. എനിക്ക് മറ്റൊരിടത്തേയ്ക്കും പോകാനില്ല. രണ്ടു ദിവസം മുന്‍പ് അനുവദിച്ച ശൗചാലയം അഭയസ്ഥാനമാക്കി. എത്രനാള്‍ ഇവിടെ തുടരേണ്ടി വരുമെന്ന് അറിയില്ല'- ജെന പറയുന്നു.

'ചുഴലിക്കാറ്റ് എന്റെ ജീവിതം തകര്‍ത്തു. വീണ്ടും വീട് പുനഃസ്ഥാപിക്കാന്‍ മറ്റു വഴികളില്ല. വീട് പുനര്‍നിര്‍മ്മിക്കാന്‍ ദുരിതാശ്വാസത്തിനായി കാത്തിരിക്കുന്നു. നിലവില്‍ വെളിയിട വിസര്‍ജ്ജനത്തിന് ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു'- ജെന വിതുമ്പി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com