മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത; വിയോജിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കമ്മീഷണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ ലവാസെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു
മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത; വിയോജിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കമ്മീഷണര്‍

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നത. തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസയാണ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. കമ്മീഷന് മുന്നിലെത്തുന്ന കേസുകളുടെ അന്തിമ ഉത്തരവില്‍ വിയോജിപ്പ്  രേഖപ്പെടുത്തുകയും ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ശേഷം മാത്രമേ യോഗങ്ങളില്‍ പങ്കെടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചതായാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് മെയ് നാല് മുതല്‍ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് ലവാസെ വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. ഈ പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മെയ് മൂന്നിന് ചേര്‍ന്ന തെരഞ്ഞെടുപ്പ്കമ്മീഷന്റെ യോഗത്തിലാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച എല്ലാ കേസുകളിലും അമിത് ഷായ്ക്കും പ്രധാനമന്ത്രിക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. കമ്മീഷന്റെ ഈ തീരുമാനം വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ലവാസെക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തയോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ സുനില്‍ അറോറ പ്രതികരിച്ചിട്ടില്ല.  പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ പ്രധാനമന്ത്രിക്ക് നോട്ടീസ് അയയ്ക്കണം എന്നായിരുന്നു ലവാസയുടെ വാദം. ഇത് മറ്റ് അംഗങ്ങള്‍ അംഗീകരിച്ചില്ല. പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആറ് പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ എത്തിയിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഭ്രഷ്ടചാരി നമ്പര്‍വണ്‍ എന്ന് പ്രധാനമന്ത്രി വിളിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും തീരുമാനം
എടുത്തിട്ടില്ല. 

അമിത്ഷായും മോദിയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് സുഷ്മിതാ ദേവ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് കമ്മീഷനുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ഉടലെടുക്കുന്ന പക്ഷം ഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് തീരുമാനം എടുക്കുന്നതിനുള്ള വ്യവസ്ഥ നിലവിലുണ്ട്.എല്ലാ കമ്മീഷണര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തുല്യ അവകാശമാണ് ഉള്ളതെന്നാണ് 1991 ലെ ഇലക്ഷന്‍ കമ്മീഷന്‍ ( കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ഓഫ് ഇലക്ഷന്‍ കമ്മീഷണേഴ്‌സ് ആന്റ് ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് ) ആക്ടില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com