പന്നികള്‍ക്ക് വൃത്തിയില്ല ; ഫാം തുടങ്ങിയതിന് കുടുംബത്തെ വിലക്കി  മതസംഘടന

ഇത് പ്രാദേശിക സംഘത്തിന്റെ നിലപാട് മാത്രമാണെന്നും അവരോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മതസംഘടനയുടെ നേതാക്കള്‍ അറിയിച്ചു.
പന്നികള്‍ക്ക് വൃത്തിയില്ല ; ഫാം തുടങ്ങിയതിന് കുടുംബത്തെ വിലക്കി  മതസംഘടന


ഗുവാഹട്ടി: പന്നികളെ വളര്‍ത്തിയതിന് ഗ്രാമത്തില്‍ നിന്ന് കുടുംബത്തെ പുറത്താക്കിയതായി പരാതി. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. ബലേന്ദ്ര നാഥിന്റെ മകന്‍ മറ്റ് ജോലികള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വന്തമായി പന്നി ഫാം ആരംഭിച്ചതാണ് ശ്രീമാന്‍ത ശങ്കര്‍ദേവ് സംഘത്തെ പ്രകോപിപ്പിച്ചത്. അസമിലെ വലിയ മതസംഘടനയാണ് ശ്രീമാന്‍ത ശങ്കര്‍ദേവ് സംഘം.

സംഘത്തിന്റെ നിര്‍ദ്ദേശമായത് കൊണ്ട് തന്നെ ഗ്രാമത്തിനുള്ളില്‍ ഭ്രഷ്ടരായി കഴിയേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് ബലേന്ദ്ര പറയുന്നത്. മറ്റുള്ളവര്‍ സഹകരിക്കുന്നില്ലെന്നും ജീവിതം ദുസ്സഹമാവുകയാണെന്നും ഇവര്‍ വ്യക്തമാക്കി. 2017 ല്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇന്ദ്രജിത്ത് ബംഗളുരുവില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ഏഴ് മാസം ജോലി ചെയ്ത ശേഷമാണ് നാട്ടിലെത്തി സ്വന്തം ഫാം ആരംഭിച്ചത്.

പന്നികളെ വളര്‍ത്തുന്നത് അസമില്‍ സാധരണമാണ്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിമാംസം വളരെയധികം ഉപയോഗിക്കപ്പെടുന്നുമുണ്ട്. രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന 4.6 ലക്ഷം ടണ്‍ പന്നിമാംസത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും അസമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളാണ് കഴിക്കുന്നത്. 

പന്നികള്‍ക്ക് വൃത്തിയില്ലെന്നും മാംസം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബലേന്ദ്രയ്ക്കും കുടുംബത്തിനും സംഘം വിലക്ക് കല്‍പ്പിച്ചത്. എന്നാല്‍ ഇത് പ്രാദേശിക സംഘത്തിന്റെ നിലപാട് മാത്രമാണെന്നും അവരോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മതസംഘടനയുടെ നേതാക്കള്‍ അറിയിച്ചു.

പന്നി ഫാം നടത്തേണ്ടെങ്കില്‍ വിജയകരമായി നടത്താന്‍ പറ്റുന്ന മറ്റ് സ്വയം തൊഴില്‍ മാര്‍ഗങ്ങള്‍ സംഘം യുവാക്കള്‍ക്ക് നല്‍കണമെന്നാണ് ഇന്ദ്രജിത്തിന്റെ ആവശ്യം. സഹകരണ സംഘത്തിന്റെ സഹായത്തോടെയാണ് ഇന്ദ്രജിത്ത് ഫാം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com