'ഹിന്ദു' തന്നെ വിദേശിയാണ്, നമ്മുടേതല്ല ; വിദേശ പേര് മതത്തിന് ഇടുന്നതെന്തിന്?: കമല്‍ഹാസന്‍

സ്വന്തമായി ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വിദേശികള്‍ തന്ന പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണ്?
'ഹിന്ദു' തന്നെ വിദേശിയാണ്, നമ്മുടേതല്ല ; വിദേശ പേര് മതത്തിന് ഇടുന്നതെന്തിന്?: കമല്‍ഹാസന്‍

ചെന്നൈ: ഹിന്ദുവെന്ന വാക്ക് തന്നെ വിദേശ ഭരണാധികാരികള്‍ കൊണ്ടു വന്നതാണെന്നും ഇന്ത്യയുടേത് അല്ലെന്നും ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ട്വിറ്ററില്‍ പങ്കുവച്ച തെലുങ്ക് കവിതയ്‌ക്കൊപ്പമാണ് കമല്‍ഹാസന്‍ ഇങ്ങനെ കുറിച്ചത്. 

ഹിന്ദുവെന്ന പേര് ഇന്ത്യയില്‍ കൊണ്ടു വന്നത് മുഗള്‍ ഭരണാധികാരികള്‍ ആയിരുന്നു. പിന്നീട് എത്തിയ ബ്രിട്ടീഷുകാര്‍ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ആദ്യകാല കവിവര്യന്‍മാരായിരുന്ന 12 ആള്‍വാര്‍മാരും 63 നായന്‍മാരും തരാത്ത പേരാണ് ഹിന്ദു. സ്വന്തമായി ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വിദേശികള്‍ തന്ന പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണ്? ഒന്നിച്ച് നിന്നാല്‍ ഒരുകോടി മെച്ചമുണ്ടാക്കാമെന്ന പഴഞ്ചൊല്ല് ഇനിയും തമിഴ് മക്കളോട് പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യം മതത്തിനുള്ളിലേക്ക് ഒതുങ്ങിപ്പോകുന്നത് രാഷ്ട്രീയപരമായും ആത്മീയമായും സാമ്പത്തികമായും വലിയ തെറ്റാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാള്‍ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയാണെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവന വലിയ വിമര്‍ശനമാണ് തീവ്ര ഹിന്ദു സംഘടനകളില്‍ നിന്നും ഉണ്ടാക്കിയത്. എല്ലാ മതങ്ങളിലും ഇത്തരം തീവ്രവാദികള്‍ ഉണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ഹാസന്റെ ഹിന്ദു തീവ്രവാദി പരാമര്‍ശത്തെ തുടര്‍ന്ന് റാലിക്കിടയില്‍ ചെരുപ്പേറും, ചീമുട്ടയേറും ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com