നാടകീയ നീക്കവുമായി മായാവതി; നാളെ സോണിയയുമായി ചർച്ച; രാഹുലിനേയും കാണും

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും കഴിഞ്ഞതിന് പിന്നാലെ നാടകീയ നീക്കവുമായി ബിഎസ്പി അധ്യക്ഷ മായാവതി
നാടകീയ നീക്കവുമായി മായാവതി; നാളെ സോണിയയുമായി ചർച്ച; രാഹുലിനേയും കാണും

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും കഴിഞ്ഞതിന് പിന്നാലെ നാടകീയ നീക്കവുമായി ബിഎസ്പി അധ്യക്ഷ മായാവതി.  യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി മായാവതി നാളെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മായാവതി നാളെ കാണും. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മാവതിയുടെ ഈ നീക്കം നിര്‍ണായകമായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. 

തെരഞ്ഞെടുപ്പ് സമയത്തുടനീളം ഫെഡറല്‍ മുന്നണി സര്‍ക്കാരിനായി വാദിച്ച മായാവതി കോണ്‍ഗ്രസ് പാളയത്തിലേക്ക് അടുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലുകളാണ് കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ കക്ഷി ചേര്‍ക്കാന്‍ എസ്പി‌യും-ബിഎസ്പിയും തയ്യാറായിരുന്നില്ല. കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നായിരുന്നു ഇതുവരെ മായാവതി നിലപാടെടുത്തത്. അതുകൊണ്ടു തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കടുത്ത കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന മായാവതിയുടെ ഈ മലക്കംമറിയല്‍ ശ്രദ്ധേയമാണ്. 

കോൺ​ഗ്രസിനോട് അകലം പാലിച്ചപ്പോഴും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും അമേഠിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. പിന്നീട് പ്രചാരണ സമയത്തുടനീളം ബിജെപിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന നിലപാടായിരുന്നു മായാവതി സ്വീകരിച്ചിരുന്നത്. അവസാനം മധ്യപ്രദേശിലെ ബിഎസ്പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പോലും ശക്തമായ വിമര്‍ശനമാണ് മായാവതി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നത് പോലും ആലോചിക്കുമെന്ന ഭീഷണിയും മായാവതി ഉയര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com