എങ്ങോട്ട് പോകും,ആര്‍ക്കൊപ്പം നില്‍ക്കും?; എക്‌സിറ്റ് പോളില്‍ കുഴങ്ങി പാര്‍ട്ടികള്‍, മായവതി യാത്ര റദ്ദാക്കി, പ്രതിപക്ഷ യോഗം മാറ്റി

എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ ക്യാമ്പുകളില്‍ ആശയക്കുഴപ്പമെന്ന് സൂചന
എങ്ങോട്ട് പോകും,ആര്‍ക്കൊപ്പം നില്‍ക്കും?; എക്‌സിറ്റ് പോളില്‍ കുഴങ്ങി പാര്‍ട്ടികള്‍, മായവതി യാത്ര റദ്ദാക്കി, പ്രതിപക്ഷ യോഗം മാറ്റി

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ ക്യാമ്പുകളില്‍ ആശയക്കുഴപ്പമെന്ന് സൂചന. എന്‍ഡിഎ നേതാക്കളുടെ യോഗം നാളെ നടക്കാനിരിക്കെ, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവച്ചു. ബിഎസ്പി അധ്യക്ഷ മായാവതിയുടെ ഡല്‍ഹി യാത്ര മാറ്റിവച്ചു.

എസ്പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ മായാവതി, ഡല്‍ഹിയിലേക്കില്ലെന്ന് ബിഎസ്പി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും മായാവതി ചര്‍ച്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍സിപി നേതാവ് ശരദ് പവാര്‍.

വോട്ടെണ്ണിത്തീരും വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ മൂന്നാംമുന്നണി നീക്കങ്ങള്‍ സജീവമാക്കണോ എന്ന ആശയക്കുഴപ്പം എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ക്കടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാമുന്നണിക്കായി സജീവമായി രംഗത്തുള്ള തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ലഖ്‌നൗവിലെത്തി മായാവതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അദ്ദേഹം സന്ദര്‍ശിച്ചു. 

അതേസമയം, മൂന്നാമുന്നണി നീക്കങ്ങള്‍ തത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ടിആര്‍എസ് മേധാവി കെ ചന്ദ്രഖേശര റാവു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരുന്ന മുതിര്‍ന്ന നേതാക്കളോട് ഹൈദ്രാബാദിലേക്ക് തിരിച്ചെത്താന്‍ കെസിആര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com