മിണ്ടിയാല്‍ പ്രശ്‌നമാകും; തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൗനവ്രതത്തിലാണെന്ന് പ്രജ്ഞ സിങ്

വിവാദ പരാമര്‍ശങ്ങളിലൂടെ ബിജെപിയെ പ്രതിരോധത്തിലാക്കിയ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ മൗന വ്രതത്തില്‍
മിണ്ടിയാല്‍ പ്രശ്‌നമാകും; തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൗനവ്രതത്തിലാണെന്ന് പ്രജ്ഞ സിങ്

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളിലൂടെ ബിജെപിയെ പ്രതിരോധത്തിലാക്കിയ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ മൗന വ്രതത്തില്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് വരുന്നതുവരെ താന്‍ മൗനവ്രതത്തിലായിരിക്കുമെന്നാണ് പ്രജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാന്ധി ഘാതകന്‍ ഗോഡ്‌സെ ദേശസ്‌നേഹിയാണ് എന്നതുള്‍പ്പെടെയുള്ള പ്രജ്ഞയുടെ പ്രസ്താവനകള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. 


തന്റെ വാക്കുകള്‍ രാജ്യത്തിന്റെ വികാരത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് അവര്‍ ട്വിറ്ററിലൂടെ പറഞ്ഞു. മൂന്നുദിവസത്തേക്ക് താന്‍ കനത്ത മൗനവ്രതത്താലായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഗോഡ്‌സെ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രജ്ഞയോട് വിശദീകരണം ചോദിച്ചിരുന്നു. 

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രജ്ഞയെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ ബിജെപി പ്രതിരോധത്തിലായിരുന്നു. മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന പ്രജ്ഞയുടെ പ്രസ്താവനയാണ് ആദ്യം വിവാദമായത്. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ പോയിട്ടുണ്ടെന്നും ഇനിയും പോകുമെന്നും ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് ആര്‍ക്കും തടുക്കാന്‍ സാധിക്കില്ലെന്നുമുള്ള പ്രസ്താവനയും വിവാദമായി. ഇതിന് പിന്നാലെയാണ് ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന പ്രസ്താവന നടത്തിയത്. പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതോടെയാണ് ബിജെപി പ്രജ്ഞയോട് വിശദീകരണം തേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com