ആദ്യം വിവിപാറ്റ് എണ്ണണം, പൊരുത്തക്കേടു കണ്ടാല്‍ മുഴുവന്‍ വോട്ടു രശീതിയും എണ്ണണമെന്ന് പ്രതിപക്ഷം, കമ്മിഷന്‍ തീരുമാനം നാളെ

വോട്ടിങ് മെഷീനിലെ വോട്ട് എണ്ണുന്നതിനു മുമ്പ് വിപിപാറ്റ് രശീതികള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നാളെ തീരുമാനമെടുക്കും
ആദ്യം വിവിപാറ്റ് എണ്ണണം, പൊരുത്തക്കേടു കണ്ടാല്‍ മുഴുവന്‍ വോട്ടു രശീതിയും എണ്ണണമെന്ന് പ്രതിപക്ഷം, കമ്മിഷന്‍ തീരുമാനം നാളെ

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ വോട്ട് എണ്ണുന്നതിനു മുമ്പ് വിവിപാറ്റ് രശീതികള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നാളെ തീരുമാനമെടുക്കും. ഇക്കാര്യം കമ്മിഷന്‍ ഉറപ്പുനല്‍കിയതായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയിലുള്ള ആശങ്കയും കമ്മിഷനെ അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.

വിപിപാറ്റ് രശീതി ആദ്യം എണ്ണണമെന്നും പിന്നീട് വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണുമ്പോള്‍ പൊരുത്തക്കേടു കണ്ടാല്‍ മുഴുവന്‍ വിവിപാറ്റ് രശീതികളും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇരുപത്തിരണ്ടു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പു കമ്മിഷനെ കണ്ടത്. വിവിപാറ്റ് എണ്ണുന്നതിലും യന്ത്രങ്ങളുടെ സുരക്ഷാ കാര്യത്തിലും നാളെ രാവിലെ യോഗം ചേര്‍ന്നു തീരുമാനമെടുക്കാമെന്ന് കമ്മിഷന്‍ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു.

ഒന്നര മാസമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് സിങ്വി പറഞ്ഞു. ഒരുവിധ പ്രതികരണവും ഇക്കാര്യത്തില്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്ന് ഒരു മണിക്കൂര്‍ നേരം പ്രതിപക്ഷത്തിനു പറയാനുള്ളതെല്ലാം കമ്മിഷന്‍ കേട്ടു. നാളെ യോഗം ചേര്‍ന്ന് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് സിങ്വി പറഞ്ഞു.

രക്തസാംപിള്‍ പരിശോധിക്കുന്നതു പോലെയാണ് വിവിപാറ്റ് രശീതി എണ്ണുന്നതെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. ഒരിടത്തു പൊരുത്തക്കേടു കണ്ടെത്തിയാല്‍ എല്ലായിടത്തും അതുണ്ടെന്നാണ് അര്‍ഥം. ചികിത്സിച്ചില്ലെങ്കില്‍ മൊത്തം സംവിധാനവും കുഴപ്പത്തിലാവുമെന്ന് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ജനവിധി മാനിക്കണമെന്നാണ് കമ്മിഷനോട് ആവശ്യപ്പെടുന്നത്. അതിനെ ഉപജാപങ്ങള്‍ക്കു വിട്ടുകൊടുക്കരുതെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. 

ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുണ്ടെന്ന് ബിഎസ്പി നേതാവ് നരേഷ് ചന്ദ്ര ആരോപിച്ചു. ഇതു തടയാന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് നരേഷ് ചന്ദ്ര ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com