പത്ത് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു; വാഗ്ദാനം ചെയ്തത് പണവും പദവിയും; മധ്യപ്രദേശില്‍ കുതിരക്കച്ചവടമെന്ന് കമല്‍നാഥ് 

കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു എന്ന് കമല്‍നാഥ്
പത്ത് എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു; വാഗ്ദാനം ചെയ്തത് പണവും പദവിയും; മധ്യപ്രദേശില്‍ കുതിരക്കച്ചവടമെന്ന് കമല്‍നാഥ് 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ബിജെപി നീക്കം നടത്തുന്നതിനിടെ, ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി കമല്‍നാഥ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു എന്ന് കമല്‍നാഥ് ആരോപിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയും വിശ്വാസ വോട്ട് തേടാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് ബിജെപി മധ്യപ്രദേശ് സര്‍ക്കാരിന് എതിരായ നീക്കങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിവസവും ബിജെപി നേതൃത്വത്തിനെതിരെ കമല്‍നാഥ് കടന്നാക്രമിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കമല്‍നാഥ് പൂര്‍ണവിശ്വാസം രേഖപ്പെടുത്തി. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുളള ഫോണ്‍കോളുകള്‍ വന്നുവെന്ന് കുറഞ്ഞത് 10 എംഎല്‍എമാര്‍ തന്നോട് പറഞ്ഞതായും കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു. 

അഞ്ചുമാസത്തിനിടെ നാലുതവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും അത് വീണ്ടും ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യമെങ്കില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നും കമല്‍നാഥ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ദിവസംമുതല്‍ ബിജെപി ശല്യം ചെയ്യുകയാണെന്നും അവര്‍ തുറന്നുകാട്ടപ്പെടുന്നത് തടയാന്‍ വേണ്ടി സര്‍ക്കാരിനെ ശല്യപ്പെടുത്തുകയാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

230 അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com