മോദിക്ക് ക്ലീന്‍ ചിറ്റ്: വിയോജിപ്പ് രേഖപ്പെടുത്തണം; നിലപാടിലുറച്ച് അശോക് ലവാസ

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ
മോദിക്ക് ക്ലീന്‍ ചിറ്റ്: വിയോജിപ്പ് രേഖപ്പെടുത്തണം; നിലപാടിലുറച്ച് അശോക് ലവാസ

ന്യൂഡല്‍ഹി:  നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് ലവാസ നിലപാടെടുത്തു. ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയാണ് ലവാസ നിലപാട് പരസ്യമാക്കിയിരിക്കുന്നത്. 

ലോകസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമ്പത് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലും ചേരിതിരിവുണ്ടാക്കിയത്.  മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന തെളിവു സഹിതമുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം കമീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് ആണ് ഇതിനിടയാക്കിയത്. ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ കമീഷന്‍ അംഗത്തിന്റെ വിയോജിപ്പ് മിനിട്‌സില്‍ രേഖപ്പെടുത്താത്തതാണ് കമ്മീഷണര്‍ അശോക് ലവാസയെ പരസ്യ വിമര്‍ശനത്തിലെത്തിച്ചത്. 
സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനങ്ങളില്‍ നടപടിയെടുത്തില്ലെന്നും ലവാസ  ആരോപിച്ചിരുന്നു. 

ലവാസയെ വിമര്‍ശിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും രംഗത്ത് വന്നിരുന്നു. കമ്മീഷന്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഒരാളും മറ്റൊരാളുടെ പതിപ്പാവേണ്ട കാര്യമില്ല. ഏകാഭിപ്രായം മൂന്ന് അംഗങ്ങള്‍ക്കും ഉണ്ടാവണമെന്ന് നിര്‍ബന്ധവുമില്ല. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ സമയം ഉണ്ട്. അനാവശ്യ വിവാദങ്ങള്‍ അസമയത്ത് ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് മിണ്ടാതിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മൗനം പാലിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ അംഗം അശോക് ലവാസെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com