ടിക്കറ്റ് റദ്ദാക്കല്‍ വഴി മാത്രം റെയില്‍വേ ലാഭിച്ചത് 5,366 കോടി രൂപ: ഇരട്ടി നിരക്കില്‍ മാറ്റമില്ലെന്ന് റെയില്‍വേ

ഒരു ടിക്കറ്റ് റദ്ദാക്കുന്നതിന് 60 രൂപയാണ് റെയില്‍വേ ഈടാക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ടിക്കറ്റ് റദ്ദാക്കല്‍ വഴി മാത്രം റെയില്‍വേ സമാഹരിച്ചത് 5,366 കോടി രൂപ. കഴിഞ്ഞ മൂന്നര വര്‍ഷത്തെ കണക്കാണിത്. 2015 നവംബര്‍ 12നായിരുന്നു ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഇരട്ടി നിരക്ക് ഈടാക്കാനും സമയപരിധി കുറയ്ക്കാനും റെയില്‍വേ തീരുമാനിച്ചത്. തുടര്‍ന്ന് വരുമാനം കുത്തനെ ഉയരുകയായിരുന്നു. 

2018- 19 സാമ്പത്തികവര്‍ഷത്തില്‍ 1,852 കോടി രൂപയും 2017-18 വര്‍ഷം 1,205 കോടി രൂപയുമാണു ലഭിച്ചത്. ദക്ഷിണ റെയില്‍വേയ്ക്ക് 201718 വര്‍ഷത്തില്‍ 176.76 കോടി രൂപയും 20182019 ല്‍ 182 കോടി രൂപയുമാണു ലഭിച്ചത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ വരുമാനം 2018-19 വര്‍ഷത്തില്‍ 690 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 127.22 കോടി രൂപയായിരുന്നു.

യാത്രക്കാര്‍ കൂടുതലായി റദ്ദാക്കുന്നത് വെയ്റ്റിങ് ലിസ്റ്റിലെ ടിക്കറ്റുകളാണ്. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടാവുക. ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വെയ്റ്റിങ് ലിസ്റ്റില്‍ എണ്ണക്കൂടുതല്‍ വന്നത്. തിരക്കേറിയ പാതകളിലെ തീവണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം 150 മുതല്‍ 250 വരെയാണ്. എസി കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 50 വരെയും. 

ഒരു ടിക്കറ്റ് റദ്ദാക്കുന്നതിന് 60 രൂപയാണ് റെയില്‍വേ ഈടാക്കുന്നത്. മുതല്‍ മുടക്കൊന്നും തന്നെയില്ലാതെയാണ് റെയില്‍വേയ്ക്ക് ഇത്രയും വരുമാനം ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ടിക്കറ്റ് 'ബുക്ക്'ചെയ്ത് പിന്നീട് റദ്ദാക്കുന്ന പ്രവണത തുടരുന്നതിനാല്‍ റെയില്‍വേ ഈ നയം തുടരുമെന്നും അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com