ഇന്ത്യ എങ്ങോട്ട്?; വോട്ടെണ്ണല്‍ എട്ടുമണിമുതല്‍, ആകാംക്ഷയോടെ രാജ്യം

ഇന്ത്യ എങ്ങോട്ട്?; വോട്ടെണ്ണല്‍ എട്ടുമണിമുതല്‍, ആകാംക്ഷയോടെ രാജ്യം

അടുത്ത അഞ്ച് വര്‍ഷം രാജ്യം ആര് ഭരിക്കണമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷം രാജ്യം ആര് ഭരിക്കണമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വിധി ദിനം ഇന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. 

ഫല സൂചനകള്‍ ഉച്ചയോടെ പുറത്തു വരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11 ശതമാനമാണ്.

കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്കു പുറത്താണു ലോക്കല്‍ പൊലീസിന്റെ അധികാര പരിധി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആവേശത്തില്‍ കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി തന്നെയെന്ന് ഉറപ്പിച്ചാണ് ബിജെപി നില്‍ക്കുന്നത്. ഫലം അനുകൂലമായാല്‍ ഇന്നു തന്നെ മന്ത്രിസഭാ രൂപീകരണ നീക്കങ്ങള്‍ തുടങ്ങാനാണ് ബിജെപി ആലോചന. ഈ മാസം 26ന് മോദിയുടെ സത്യപ്രതിജ്ഞയും പദ്ധതിയിടുന്നു. 2014ല്‍ മെയ് 26നാണ് മോദി അധികാരമേറ്റത്. ഇത് മോദിയുടെ ഭാഗ്യ തീയതിയായി പാര്‍ട്ടി കരുതുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ ആദ്യ പതിപ്പ് 26ന് പ്രക്ഷേപണം ചെയ്യാനും ആലോചനയുണ്ട്. ഇന്ന് ഡല്‍ഹിയിലുണ്ടാവണമെന്നു കേന്ദ്ര മന്ത്രിമാര്‍ക്കു മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ നിര, യഥാര്‍ഥ ഫലം വരുമ്പോള്‍ പ്രവചനങ്ങളെല്ലാം തെറ്റുമെന്ന പ്രതീക്ഷയിലാണുള്ളത്. എന്‍ഡിഎയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ കക്ഷികളെയെല്ലാം കോര്‍ത്തിണക്കി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം. ഇതിനായി ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരേയും ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com