പകുതി മന്ത്രിമാര്‍ പുതുമുഖങ്ങള്‍, വകുപ്പുകള്‍ ലയിപ്പിക്കാനും നീക്കം; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മുറുകുന്നു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ പകുതിയിലേറെപ്പേര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന
പകുതി മന്ത്രിമാര്‍ പുതുമുഖങ്ങള്‍, വകുപ്പുകള്‍ ലയിപ്പിക്കാനും നീക്കം; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മുറുകുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ
മന്ത്രിസഭയില്‍ പകുതിയിലേറെപ്പേര്‍ പുതുമുഖങ്ങളാവുമെന്ന് സൂചന. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒന്നാക്കി മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനും തീരുമാനമുണ്ടാവുമെന്നാണ് ബിജെപി ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മേഖലാ സന്തുലനവും രാഷ്ട്രീയ പ്രാധാന്യവുമെല്ലാം കണക്കിലെടുത്താവും മന്ത്രിമാരെ തീരുമാനിക്കുകയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി ആസ്ഥാനത്തു തുടക്കമായിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വവുമായും ബിജെപി നേതാക്കള്‍ നിരന്തരമായി ബന്ധപ്പെട്ടു വരികയാണ്. കൂടുതല്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കുകയെന്ന നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിന് ആര്‍എസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് റിപ്പോര്‍ട്ട്.

ബിജെപിക്കു വിജയം സമ്മാനിച്ച ഹിന്ദി മേഖലയില്‍നിന്നു തന്നെയായിരിക്കും കൂടുതല്‍ മന്ത്രിമാര്‍. അതേസമയം തെക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ദക്ഷിണേന്ത്യയ്ക്കും മികച്ച പ്രാതിനിധ്യം നല്‍കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും മന്ത്രിമാരുണ്ടാവും. 

ഉത്തര്‍പ്രദേശില്‍നിന്ന് പത്തു മന്ത്രിമാര്‍ ഉണ്ടാവുമെന്നാണ് വിവരം. ബിഹാറില്‍നിന്ന് എട്ട്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ആറു വീതം, പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് മൂന്നു വീതം എന്നിങ്ങനെയായിരിക്കും മന്ത്രിമാരുടെ എണ്ണം. കേരളം, അസം, തെലങ്കാന എന്നിവയ്ക്കും പ്രാതിനിധ്യമുണ്ടാവും. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. അനാരോഗ്യത്തെത്തുടര്‍ന്ന് ഒഴിവാകുന്ന അരുണ്‍ ജയ്റ്റ്‌ലിക്കു പകരം ധനവകുപ്പാവും അമിത് ഷായ്ക്കു നല്‍കുകയെന്നാണ് സൂചന. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ, ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. 

കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായി രാജ്‌നാഥ് സിങ് തന്നെ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെയായിരിക്കും. സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാവില്ല. 

മുതിര്‍ന്ന നേതാക്കളില്‍ രവിശങ്കര്‍ പ്രസാദിന്റെ വകുപ്പ് മാറുമെന്നാണ് അറിയുന്നത്. നിയമ മന്ത്രിയായി പുതിയ ഒരാളെ കൊണ്ടുവരുന്നതിനോടാണ് മോദിക്കു താത്പര്യം. പാര്‍ട്ടിയെ തിളങ്ങുന്ന വിജയത്തിലേക്ക് എത്തിച്ച അമിത് ഷാ ടീമിലെ പ്രധാനികളായ വിനയ് സഹസ്രബുദ്ധെ, ഭൂപേന്ദ്ര യാദവ് എന്നിവര്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ട്. ഭുവനേശ്വറില്‍നിന്നു ലോക്‌സഭയില്‍ എത്തിയ മുന്‍ ഐഎഎസ് ഓഫിസര്‍ അപരാജിത സാരംഗി മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നും സൂചനകളുണ്ട്. 

ഉപരിതല ഗതാഗതം, റെയില്‍വേ, സിവില്‍ വ്യോമയാനം എന്നീ വകുപ്പുകള്‍ ഒന്നാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളുണ്ട്. ഫിഷറീസിനു വേണ്ടി പ്രത്യേക വകുപ്പു രൂപീകരിക്കാനും സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com