മധ്യപ്രദേശിലെ കനത്ത തോല്‍വി; രാജിസന്നദ്ധത അറിയിച്ച് കമല്‍നാഥ്

എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്‌റിയെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
മധ്യപ്രദേശിലെ കനത്ത തോല്‍വി; രാജിസന്നദ്ധത അറിയിച്ച് കമല്‍നാഥ്

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്തുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പിസിസി പ്രസിഡന്റ് പദം രാജിവെക്കാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്‌റിയെ രാജിസന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും കമല്‍നാഥ് പങ്കെടുത്തിരിന്നില്ല. 

നേരത്തെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നിരാശ പ്രകടമാക്കി കമല്‍നാഥ് രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞില്ല. ന്യായ്' പദ്ധതി ജനങ്ങളുടെ മുന്നിലേക്ക് നേരത്തെ അവതരിപ്പിക്കണമായിരുന്നു. പ്രചരണ രംഗത്ത് പ്രിയങ്ക നേരത്തെ എത്തണമായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ബിജെപി നീക്കം നടത്തുന്നതിനിടെ, ബിജെപി നേതൃത്വത്തിനെതിരെ കമല്‍നാഥ് ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുവെന്നായിരുന്നു കമല്‍നാഥിന്റെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കമല്‍നാഥ് പൂര്‍ണവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. 

230അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com