രാഹുലിന്റെ നേതത്വം അനിവാര്യം; രാജിതള്ളി കോണ്‍ഗ്രസ്

പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് പ്രവര്‍ത്തകസമിതി യോഗം
രാഹുലിന്റെ നേതത്വം അനിവാര്യം; രാജിതള്ളി കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സാധാരണപ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍  യോഗത്തില്‍ അറിയിച്ചതായാണ് സൂചന. എന്നാല്‍ രാഹുലിന്റെ ഈ ആവശ്യം പ്രവര്‍ത്തകസമിതി യോഗം ഏകകണ്ഠമായി തള്ളുകയായിരുന്നു. ഇന്നത്തെ യോഗത്തില്‍ തോല്‍വിയുടെ പ്രാഥമിക കാരണങ്ങള്‍ വിലയിരുത്തിയെങ്കിലും രാഹുലിന്റെ രാജിയാണ് സജീവ ചര്‍ച്ചയാത്. തെരഞ്ഞടുപ്പിലെ കനത്ത പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയല്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഇന്നത്തെ സാഹചര്യത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്നും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. 

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ഇത്ര വലിയ പരാജയം കോണ്‍ഗ്രസ് ക്യാംപുകള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 2014 നേക്കാള്‍ എട്ടുസീറ്റുകള്‍ കൂടുതല്‍ നേടാനെ കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. ആകെയുള്ള 543 സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 44 ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com