കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തകൃതി; രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍, കുമാരസ്വാമി സര്‍ക്കാരിന് ആശങ്ക

വിമത കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയും, സുധാകറും ബിജെപി നേതാവ്  എസ്എം കൃഷ്ണയുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി
കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തകൃതി; രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍, കുമാരസ്വാമി സര്‍ക്കാരിന് ആശങ്ക

ബംഗലൂരു: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണാടക രാഷ്ട്രീയം തിരിച്ചുപിടിക്കാന്‍ ബിജെപി നീക്കം ശക്തമാക്കി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് കരുത്തുപകര്‍ന്ന് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍. വിമത കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജാര്‍ക്കിഹോളിയും, സുധാകറും ബിജെപി നേതാവ്  എസ്എം കൃഷ്ണയുടെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ അശോകിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച

എന്നാല്‍ താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ജാര്‍ക്കിഹോളി തളളി.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബിജെപിയുടെ വിജയത്തില്‍ അഭിനന്ദനം അര്‍പ്പിക്കാനാണ് താന്‍ അവിടെ പോയതെന്ന് ജാര്‍ക്കഹോളി പറഞ്ഞു. ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കഴിഞ്ഞദിവസം രാത്രിയും ജാര്‍ക്കിഹോളി ബിജെപി നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂട്ടുകക്ഷി സര്‍ക്കാരിനെ മറിച്ചിടുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നതായാണ് വിവരം. മറ്റു ചില കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ കൂടി ബിജെപി ക്യാമ്പിലേക്ക് എത്തിക്കുന്നതിനുളള സാധ്യതകളും നേതാക്കള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.ഇതിന് പിന്നാലെ ജാര്‍ക്കിഹോളി എസ് എം കൃഷ്ണയെ കണ്ടതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25 ഇടത്തും ബിജെപിയാണ് വിജയിച്ചത്. കര്‍ണാടക നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയെങ്കിലും ഭൂരിപക്ഷത്തിനായുളള 113ന് ഏതാനും സീറ്റുകള്‍ അകലെയാണ്. ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യമാണ് ഇവിടെ ഭരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com