ബം​ഗാളിലും ഓപറേഷൻ താമര? 143 ത‌ൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോൺ​ഗ്രസ് നേതാക്കളെ കൂട്ടത്തോടെ ബിജെപിയിലെത്തിക്കാനുള്ള ഓപറേഷന്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ബം​ഗാളിലും ഓപറേഷൻ താമര? 143 ത‌ൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോൺ​ഗ്രസ് നേതാക്കളെ കൂട്ടത്തോടെ ബിജെപിയിലെത്തിക്കാനുള്ള ഓപറേഷന്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓപറേഷന്‍ താമരയിലൂടെ 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് മമതയുടെ മുന്‍ വിശ്വസ്തനും ബിജെപി നേതാവുമായ മുകുള്‍ റോയ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞതിനു പിന്നാലെയാണ് തൃണമൂലിനെ വെട്ടിലാക്കുന്ന മുകുൾ റോയിയുടെ വെളിപ്പെടുത്തൽ. 

ഒരു ദേശീയ ചാനലിനോടാണ് മുകുള്‍ റോയ് ഇക്കാര്യം പറഞ്ഞത്. മമത സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എതൊക്കെ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുകയെന്ന് മുകള്‍ റോയ് പറഞ്ഞിട്ടില്ല. 

നേരത്തെ ബംഗാളിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായി തുടരാൻ താത്പര്യമില്ലെന്നായിരുന്നു മമത പറഞ്ഞത്. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാ‍ർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു. പദവിയും അധികാരവും താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാൽ തന്നെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പാർട്ടിയെ അറിയിച്ചു. പക്ഷേ പാർട്ടി തന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂൽ കോൺഗ്രസിന് വിജയിക്കാനായത്. 2014 ൽ 34 സീറ്റുകളിൽ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും  മോദി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവർത്തിക്കാനായില്ല. 2014 ൽ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകൾ നേടിയാണ് ബംഗാളിൽ കരുത്ത് കാട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com