മാധ്യമങ്ങളില്‍ പേരുകള്‍ കണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കരുത് ; ബിജെപി നേതാക്കളോട് നരേന്ദ്രമോദി

മാധ്യമങ്ങളില്‍ പേരുകള്‍ കണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കരുത് ; ബിജെപി നേതാക്കളോട് നരേന്ദ്രമോദി

മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ബിജെപി അംഗങ്ങള്‍ വളരെ ജാഗ്രത പാലിക്കണമെന്ന് മോദി നിര്‍ദേശിച്ചു

ന്യൂഡല്‍ഹി : മാധ്യമങ്ങളില്‍ പേരു കണ്ടെന്ന് കരുതി ആരും മന്ത്രിസ്ഥാനം ആഗ്രഹിക്കരുതെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമവാര്‍ത്തകളിലെ പേരുകള്‍ കണ്ടല്ല ബിജെപിയും എന്‍ഡിഎയും മന്ത്രിമാരെ നിശ്ചയിക്കുന്നതെന്നും മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നരേന്ദ്രമോദി ബിജെപി എംപിമാര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത്. 

'പത്രങ്ങളിലും ടിവിയിലും മന്ത്രിമാരാകാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ വരുന്ന കാലമാണിത്. നിങ്ങളുടെ പേരുകളും അതില്‍ വന്നേക്കാം. അതുകണ്ട് മന്ത്രിമാരാക്കും എന്നു തെറ്റിദ്ധരിക്കരുത്. മാധ്യമങ്ങളിലെ പേരുകള്‍ കണ്ടല്ല ബിജെപിയും എന്‍ഡിഎയും മന്ത്രിമാരെ നിശ്ചയിക്കുന്നത്. അതിനു കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

മന്ത്രിമാരാകാന്‍ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിക്കുന്നു എന്നമട്ടില്‍ ചിലര്‍ ഫോണ്‍ വിളിക്കും. താങ്കളെ മന്ത്രിയാകാന്‍ തിരഞ്ഞെടുത്തിരിക്കുന്നെന്ന് പറഞ്ഞ് കബളിപ്പിക്കും. അതില്‍ വീഴരുത്. പണ്ട് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഛത്തീസ്ഗഢില്‍ നിന്ന് ഒരു പ്രവര്‍ത്തകന്‍ എത്തി. ഗുജറാത്തില്‍ മന്ത്രിയാകാന്‍ തിരഞ്ഞെടുത്തു എന്ന് ഫോണ്‍ വിളിയെത്തി എന്നു പറഞ്ഞാണ് എന്നെ ഈ പ്രവര്‍ത്തകന്‍ സമീപിച്ചത്' മോദി പറഞ്ഞപ്പോള്‍ ഹാളില്‍ കൂട്ടച്ചിരി ഉയര്‍ന്നു.

മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ബിജെപി അംഗങ്ങള്‍ വളരെ ജാഗ്രത പാലിക്കണമെന്ന് മോദി നിര്‍ദേശിച്ചു. ഓഫ് ദ റെക്കോഡ് എന്ന് പറഞ്ഞ് ചിലര്‍ സംസാരിക്കാന്‍ സമീപിക്കും. പോക്കറ്റില്‍ ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനങ്ങളുമായിട്ടായിരിക്കും ഇവര്‍ വരുന്നത്. ഇതറിയാതെ സംസാരിച്ചുപോകും. എന്നാല്‍, അവര്‍ അതെടുത്ത് ചാനലില്‍ കൊടുക്കും. അതിനാല്‍ സംസാരം നിയന്ത്രിക്കണം.

ഡല്‍ഹിയിലെത്തുമ്പോള്‍ സഹായികളായി ചിലര്‍ അടുത്തുകൂടും. അവരെ അകറ്റിനിര്‍ത്തണമെന്നും മോദി പറഞ്ഞു. ആദ്യമായി എത്തുന്ന എംപിമാര്‍ക്ക് ചിലപ്പോള്‍ വഴി അറിയാതെയോ ഓഫീസ് എവിടെയാണെന്ന് അറിയാതെയോ സംശയങ്ങള്‍ ഉണ്ടാകും. അപ്പോള്‍ സഹായിക്കാന്‍ ഇവര്‍ അടുത്തുകൂടും. ഇവര്‍ പിന്നീട് ബാധ്യതയായി മാറും. അതുപോലെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാന്‍ വരുന്നവരെയും സൂക്ഷിക്കണമെന്ന് എംപിമാരോട് മോദി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com