'അതില്‍ ട്രോളാന്‍ ഒന്നുമില്ല'; മഴമേഘങ്ങള്‍ റഡാറുകളെ മറയ്ക്കും; മോദിയെ പിന്തുണച്ച് വ്യോമസേന കമാന്‍ഡന്റ് 

മേഘങ്ങള്‍ മൂടിയ അന്തരീക്ഷത്തില്‍ പാകിസ്ഥാന്റെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കാന്‍ യുദ്ധവിമാനങ്ങള്‍ക്ക് കഴിയുമെന്ന മോദിയുടെ പരാമര്‍ശം രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചയായിരുന്നു
'അതില്‍ ട്രോളാന്‍ ഒന്നുമില്ല'; മഴമേഘങ്ങള്‍ റഡാറുകളെ മറയ്ക്കും; മോദിയെ പിന്തുണച്ച് വ്യോമസേന കമാന്‍ഡന്റ് 

ന്യൂഡല്‍ഹി: ബാലാക്കോട്ടിലെ ഭീകരതാവളങ്ങള്‍ ആക്രമിക്കാന്‍ അന്തരീക്ഷത്തില്‍ മഴമേഘങ്ങള്‍ മൂടിയ ദിവസം തെരഞ്ഞെടുക്കാന്‍ താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അനുകൂലിച്ച് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥന്‍. മേഘങ്ങള്‍ മൂടിയ അന്തരീക്ഷത്തില്‍ പാകിസ്ഥാന്റെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കാന്‍ യുദ്ധവിമാനങ്ങള്‍ക്ക് കഴിയുമെന്ന മോദിയുടെ പരാമര്‍ശം രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചയായിരുന്നു. മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി പ്രതികരണങ്ങളാണ് ഉണ്ടായത്. എന്നാല്‍ മോദി പറഞ്ഞത് ശരിവെയ്ക്കുകയാണ് പശ്ചിമ വ്യോമസേന കമാന്‍ഡിന്റെ മേധാവിയായ രഘുനാഥ് നമ്പ്യാര്‍.

ശക്തമായ മേഘങ്ങള്‍ റഡാറുകളുടെ കൃത്യമായ നിരീക്ഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു.  വായുവിന്റെ കുത്തനെയുളള ഗതിയെ സൂചിപ്പിക്കുന്ന convective conditions ഉം മഴമേഘങ്ങളും റഡാറുകളില്‍ കൃത്യമായി പതിയുന്നത് തടസ്സമാകുമെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കേരളത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്തും ഇതുമായി ബന്ധപ്പെട്ട മോദിയുടെ  പ്രസ്താവനയെ പിന്തുണച്ചിരുന്നു.

വിവിധ റഡാറുകള്‍ വ്യത്യസ്ത സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ചിലത് മറ്റുളളവയെ അപേക്ഷിച്ച് കൂടുതല്‍ കൃത്യത പ്രകടമാക്കും. ചിലത് മഴമേഘങ്ങളില്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട മോദിയുടെ പ്രസ്താവന പുറത്തുവന്നത്. 'മഴമേഘങ്ങള്‍ മൂടിയ അന്തരീക്ഷമായതിനാല്‍ ബാലാക്കോട്ടെ ഭീകരതാവളങ്ങള്‍ ആക്രമിക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാമെന്ന തരത്തില്‍ വിദഗ്ധരുടെ ഇടയില്‍ അഭിപ്രായം ഉയര്‍ന്നു. പാകിസ്ഥാന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ മഴമേഘങ്ങള്‍ ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. ശാസ്ത്രത്തെകുറിച്ച് എനിക്ക് മതിയായ അറിവില്ലെങ്കിലും മേഘങ്ങള്‍ ഗുണം ചെയ്യുമെന്നാണ് എന്റെ തോന്നല്‍. ഇതുസംബന്ധിച്ച് ഒരു ആശയക്കുഴപ്പം എല്ലാവരുടെ ഇടയിലും നിലനിന്നുവെങ്കിലും അവസാനം മുന്നോട്ടുപോകാന്‍ ഞാന്‍ നിര്‍ദേശിച്ചു' -  അഭിമുഖത്തിലെ മോദിയുടെ വാക്കുകള്‍ ഇങ്ങനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com