രാജിയില്‍ ഉറച്ച് രാഹുല്‍, അരുതെന്ന് പ്രവര്‍ത്തകര്‍; എഐസിസി ആസ്ഥാനത്തേയ്ക്ക് സന്ദേശ പ്രവാഹം, കോണ്‍ഗ്രസില്‍ ആശങ്ക 

അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീവ്രമായി ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
രാജിയില്‍ ഉറച്ച് രാഹുല്‍, അരുതെന്ന് പ്രവര്‍ത്തകര്‍; എഐസിസി ആസ്ഥാനത്തേയ്ക്ക് സന്ദേശ പ്രവാഹം, കോണ്‍ഗ്രസില്‍ ആശങ്ക 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീവ്രമായി ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുലിന്റെ അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം രാജിക്കാര്യം പ്രവര്‍ത്തക സമിതി തളളിയെന്നും അദ്ദേഹം മയപ്പെട്ടുവെന്നും മറുവിഭാഗം വാദിക്കുന്നു.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പ്രവര്‍ത്തക സമിതിയോഗത്തില്‍ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാഹുല്‍ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദം തുടരുകയാണെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.രാജ്യമാകെ സഞ്ചരിച്ച് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍  പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഒന്നടങ്കം ശ്രമിച്ചെങ്കിലും രാഹുല്‍ നിലപാടില്‍ ഉറച്ചു നിന്നു. പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം ഇതു സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്താനും അദ്ദേഹം തയാറായിട്ടില്ല. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകരുടെ സന്ദേശ പ്രവാഹമാണെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. നിലപാട് തിരുത്താന്‍ രാഹുല്‍ നിര്‍ബന്ധിതനാകുമെന്നും വേണുഗോപാല്‍ സൂചിപ്പിച്ചു. 

രാഹുല്‍ പിന്‍മാറുന്നത് ബിജെപിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേ സമയം താഴെത്തട്ടു മുതല്‍ വ്യാപക അഴിച്ചുപണിക്ക് തയാറെടുക്കുകയാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവി പുതുതായി കൊണ്ടുവരുന്നതിന്റെ സാധ്യതകളെ കുറിച്ച് കോണ്‍ഗ്രസില്‍ ആലോചനകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.പാര്‍ലമെന്ററി രംഗത്തുള്ളവര്‍ പാര്‍ട്ടി ഭാരവാഹികളാകുന്ന രീതിയിലടക്കം മാറ്റം വന്നേക്കും. സംസ്ഥാനങ്ങളിലെ ഗ്രൂപ്പുപോരിന് അറുതി വരുത്താന്‍ കര്‍ശന നടപടികളുണ്ടാകുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com