ബിജെപിക്കൊപ്പം നിന്ന് രാജ്യത്തെ ന്യൂനപക്ഷ ജില്ലകള്‍ ; പകുതിയിലേറെ സീറ്റുകളില്‍ വിജയം, കോണ്‍ഗ്രസിന്റെ നേട്ടം ആറു സീറ്റിലൊതുങ്ങി

ന്യൂനപക്ഷ ജില്ലകളിലെ 79 ലോക്‌സഭ മണ്ഡലങ്ങളില്‍ 41 ലും ബിജെപി വിജയിച്ചു. 2014 നേക്കാള്‍ ഏഴു സീറ്റുകളാണ് ബിജെപി ഇത്തവണ കൂടുതല്‍ നേടിയത്
ബിജെപിക്കൊപ്പം നിന്ന് രാജ്യത്തെ ന്യൂനപക്ഷ ജില്ലകള്‍ ; പകുതിയിലേറെ സീറ്റുകളില്‍ വിജയം, കോണ്‍ഗ്രസിന്റെ നേട്ടം ആറു സീറ്റിലൊതുങ്ങി

ന്യൂഡല്‍ഹി : ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം തള്ളി ശ്രദ്ധേയമായ നേട്ടവുമായി ബിജെപി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ന്യൂനപക്ഷ ജില്ലകളില്‍ പകുതിയിലേറെ സീറ്റുകളും നേടി ബിജെപി കരുത്ത് കാട്ടി. മുന്‍ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകൃതമെന്ന് കണ്ടെത്തിയ 90 ജില്ലകളിലാണ് ബിജെപി ശ്രദ്ധേയ വിജയം കരസ്ഥമാക്കിയത്. 

ഈ ജില്ലകളിലെ 79 ലോക്‌സഭ മണ്ഡലങ്ങളില്‍ 41 ലും ബിജെപി വിജയിച്ചു. 2014 നേക്കാള്‍ ഏഴു സീറ്റുകളാണ് ബിജെപി ഇത്തവണ കൂടുതല്‍ നേടിയത്. അതേസമയം കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ കൈമോശം വന്നു. കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം ഇതോടെ 12 ല്‍ നിന്ന് ആറായി കുറയുകയും ചെയ്തു. 

മുസ്ലിം-ന്യൂനപക്ഷ കേന്ദ്രീകൃതം മാത്രമല്ല, സാമൂഹ്യമായും സാമ്പത്തികമായും അടിസ്ഥാന സൗകര്യ സൂചികകളിലും രാജ്യത്ത് ഏറെ പിന്നില്‍ നില്‍ക്കുന്നതാണ് ഈ ജില്ലകള്‍. 27 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ ബിജെപി നിര്‍ത്തിയ ആറ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. ന്യൂനപക്ഷ ജില്ലകളില്‍ മുസ്ലിങ്ങള്‍ ഇത്തവണ കൂട്ടത്തോടെ ഒരു പാര്‍ട്ടിക്കോ, സ്ഥാനാര്‍ത്ഥിക്കോ വോട്ടുചെയ്യുന്ന രീതി ഉണ്ടായില്ലെന്നും പഠനം വ്യക്തമാക്കുന്നു. 

മല്‍സരിച്ച മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചതിലേറെയും തൃണമൂല്‍ കോണ്‍ഗ്രസുകാരാണ്. തൃണമൂല്‍ കോണ്‍ഗ്രസ് -5, കോണ്‍ഗ്രസ് -4, എസ്പി, ബിഎസ്പി, നാഷണല്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നീ പാര്‍ട്ടികള്‍ മൂന്നു വീതവും എഐഎംഐഎം രണ്ടും എല്‍ജെപി, എന്‍സിപി, സിപിഎം, എഐയുഡിഎഫ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റും നേടി. ബിജെപി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് പശ്ചിമബംഗാളില്‍ നിന്നാണ്. 18 സീറ്റുകളാണ് ബംഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നിന്ന്  ബിജെപി നേടിയത്. വിദ്യാഭ്യാസ-സാമൂഹ്യ-ആരോഗ്യ വികസന പദ്ധതികള്‍ എത്തിക്കുക ലക്ഷ്യമിട്ട് മുന്‍ യുപിഎ സര്‍ക്കാര്‍ 208 ലാണ് 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെ തരംതിരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com