ക്രിസ്ത്യന്‍ മിഷണറിയെ ചുട്ടുകൊന്ന സമയത്ത് ബജ്‌രംഗ്ദള്‍ നേതാവ്; നിയമസഭ ആക്രമിച്ചതിന് അറസ്റ്റ്; 'സൈക്കിള്‍ മന്ത്രി'യുടെ പഴയ മുഖം 

സൈക്കിളും, ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്
ക്രിസ്ത്യന്‍ മിഷണറിയെ ചുട്ടുകൊന്ന സമയത്ത് ബജ്‌രംഗ്ദള്‍ നേതാവ്; നിയമസഭ ആക്രമിച്ചതിന് അറസ്റ്റ്; 'സൈക്കിള്‍ മന്ത്രി'യുടെ പഴയ മുഖം 

ന്യൂഡല്‍ഹി: സൈക്കിളും ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്. എംപിയായി തെരഞ്ഞെടുത്തത് മുതല്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വരെയുളള ഒരാഴ്ചക്കാലം എല്ലാവരും സാരംഗിയുടെ പിന്നാലെയായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല. ഇതിന് മുന്‍പ് ഒഡീഷയില്‍ മാത്രം ഒതുങ്ങി നിന്ന പേരാണ് ദിവസങ്ങള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വമായി മാറിയത്. 

ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, സാരംഗിയുടെ ചരിത്രം ചികഞ്ഞെടുത്തിരിക്കുകയാണ്  ബിബിസി. ഓസ്‌ട്രേലിയന്‍  മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും തീവ്ര ഹിന്ദുത്വശക്തികള്‍ കൊലപ്പെടുത്തിയ 1999ല്‍ ബജ്‌രംഗ് ദള്‍ നേതാവായിരുന്നു സാരംഗി എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര വലതുപക്ഷ സംഘടനയാണ് ബജ്‌രംഗ് ദള്‍.

ബജ്‌രംഗ്ദളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ ആരോപിക്കുമ്പോള്‍, ഈ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു സംഘത്തിന് പങ്കുളളതായി തെളിവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നീണ്ടക്കാലത്തെ വിചാരണയ്ക്ക് ഒടുവില്‍ 2003ലാണ് കേസുമായി ബന്ധപ്പെട്ട് ബജ്‌രംഗ്ദളുമായി ബന്ധമുളള ദാരാസിങ്ങിനെയും 12പേരെയും കോടതി ശിക്ഷിച്ചത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഒറീസ ഹൈക്കോടതി ഇദ്ദേഹത്തിന്റെ വധശിക്ഷ ഇളവുചെയ്തു. ഇതിന് പുറമേ മറ്റു പതിനൊന്ന് പേരുടെ ജീവപര്യന്തം ശിക്ഷയും ഇളവു ചെയ്ത് കോടതി ഇവരെ വെറുതെ വിട്ടു.

ഇന്ത്യയെ ഒന്നടങ്കം മതപരിവര്‍ത്തനം ചെയ്യാനാണ് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് സാരംഗി ഒഡീഷ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ സന്ദീപ് സാഹുവിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതായി ബിബിസി ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ തിന്മ ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അതിവൈകാരികമായി അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സ്റ്റെയിന്‍സിന്റെ രണ്ടു കുട്ടികളെ ആക്രമിച്ച സംഭവത്തെ സാരംഗി അപലപിക്കുകയും ചെയ്തിട്ടുണ്ട്.  മതപരിവര്‍ത്തനത്തിന് എതിരെയുളള തന്റെ നിലപാടുകള്‍ പുറംലോകത്തെ അറിയിക്കാന്‍ സാരംഗി നിരാഹാരം കിടന്നതായും
റിപ്പോര്‍ട്ടുകളുണ്ട്.  2002ല്‍ പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സാരംഗിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറീസ നിയമസഭയ്ക്ക് നേരെയുളള ബജ്‌രംഗ്ദളിന്റെ ആക്രമണത്തിലായിരുന്നു നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com