'മാഡം നിങ്ങളെ മിസ് ചെയ്യുന്നു' ; ട്വിറ്ററില്‍ സുഷമ സ്വരാജിന് സ്‌നേഹപ്രവാഹം 

അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും ഇത്തവണ മന്ത്രിസഭയില്‍ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഒമര്‍ അബ്ദുള്ള കുറിച്ചു
'മാഡം നിങ്ങളെ മിസ് ചെയ്യുന്നു' ; ട്വിറ്ററില്‍ സുഷമ സ്വരാജിന് സ്‌നേഹപ്രവാഹം 

ന്യൂഡല്‍ഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരില്‍ രാഷ്ട്രീയഭേദമെന്യേ ആദരവ് പിടിച്ചുപറ്റിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് മാത്രമല്ല, പ്രവാസികളായ ഇന്ത്യന്‍ പൗരന്മാരുടെ ചെറിയ പ്രശ്‌നങ്ങളില്‍ പോലും സജീവമായി ഇടപെട്ടിരുന്ന സുഷമ സ്വരാജ് ഏറെ ജനപ്രീതി നേടി. പല വിഷയങ്ങലിലും മാനുഷിക പരിഗണനയോടെ പെരുമാറിയിരുന്ന സുഷമ സ്വരാജിനെ, ട്വിറ്ററില്‍ അടക്കം വന്‍ ജനപിന്തുണയാണ് ഉള്ളത്. 

ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയായ എസ് ജയശങ്കറാണ് പുതിയ സര്‍ക്കാരില്‍ സുഷമയുടെ പിന്‍ഗാമിയായത്. കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സുഷമ ഇട്ട ട്വീറ്റിന് മറുപടിയെന്നോണം നിരവധി റീട്വീറ്റുകളാണ് നിറയുന്നത്. 

സുഷമയുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതോടൊപ്പം, പുതിയ സര്‍ക്കാരില്‍ അവരെ മിസ് ചെയ്യുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്ന പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരെല്ലാം സുഷമയുടെ അസാന്നിധ്യത്തില്‍ വിഷമം അറിയിച്ചു. 

അരുണ്‍ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും ഇത്തവണ മന്ത്രിസഭയില്‍ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഒമര്‍ അബ്ദുള്ള കുറിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇരുവര്‍ക്കും സൗഖ്യം ആശംസിക്കുന്നതായും ഒമര്‍ ട്വീറ്റ് ചെയ്തു. 

'രാജ്യം നിങ്ങളെ മന്ത്രിസഭയില്‍ മിസ് ചെയ്യും. വികാരവിമുക്തമായിരുന്ന ഒരു മന്ത്രിസഭയില്‍ സ്‌നേഹവും മൂല്യവും കൊണ്ട് വന്നത് നിങ്ങളാണ്.' ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചു. 

'നിങ്ങള്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്തു മാഡം. നിങ്ങള്‍ സഹായിച്ചവര്‍ നിങ്ങളെ ഒരിക്കലും മറക്കില്ല.' മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു. ക്യാബിനറ്റ് റാങ്കോ അല്ലയോ, വിദേശകാര്യ വകുപ്പിലെ വിനയത്തിന്റെയും സഹാനുഭൂതിയുടെയും മുഖമായിരുന്നു സുഷമ സ്വരാജെന്ന് മറ്റൊരാള്‍ കുറിച്ചു. 

യു.എ.ഇയില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ പെട്ട ഒരു യുവതിയെ നാട്ടിലെത്തിച്ചത്, പാസ്‌പോര്‍ട്ടും പണവും ഇല്ലാതെ ജര്‍മനിയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ സഹായിച്ചത്, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നു ഒരു പാകിസ്ഥാനി പെണ്‍കുട്ടിക്ക് അതിന് സൗകര്യം ചെയ്ത് കൊടുത്തത്, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഷമ സ്വരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും മോദി സര്‍ക്കാരിന് ജനപിന്തുണ നേടിക്കൊടുക്കുന്നതില്‍ സുഷമയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com