ആര്‍സിഇപി ഉച്ചകോടി : പ്രധാനമന്ത്രി ഇന്ന് തായ്‌ലാന്‍ഡിലേക്ക് ; സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവച്ചേക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd November 2019 08:19 AM |
Last Updated: 02nd November 2019 08:26 AM | A+A A- |

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആര്‍ സി ഇ പി) കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലാന്‍ഡിലേക്ക്. തിങ്കളാഴ്ച നടക്കുന്ന ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും. ആര്‍സിഇപി ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാന്‍ ഉച്ചകോടിയിലും പതിനാലാമത് കിഴക്കനേഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോദി, അവിടത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തായ്‌ലാന്‍ഡിലെ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യും. ആര്‍ സി ഇ പി കരാറില്‍ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യ അടക്കം 16 രാജ്യങ്ങളുള്ള ആര്‍സിഇപിയില്‍ സ്വതന്ത്ര വ്യാപാരത്തിനായുള്ള കരാര്‍ ഇന്ത്യ ഇപ്പോള്‍ ഒപ്പുവയ്ക്കില്ലെന്നാണ് സൂചന. ഇന്ത്യ ഉന്നയിച്ചിട്ടുള്ള ചില വിഷയങ്ങളില്‍ ചര്‍ച്ച നടത്തി തീര്‍പ്പുണ്ടാക്കിയ ശേഷം അടുത്ത ജൂണിലായിരിക്കും ഒപ്പിടുകയെന്നാണ് വാണിജ്യ മന്ത്രാലയം നല്‍കുന്ന വിവരം.
ചൈന ഉള്‍പ്പെടെയുള്ള മേഖലാ സമഗ്ര സാമ്പത്തികസഖ്യ (ആര്‍സിഇപി) രൂപീകരണ പ്രഖ്യാപനമാണ് ബാങ്കോക്കില്‍ നടക്കുക. കരാറിലെ അവ്യക്തതകള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി 16 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗവും ബാങ്കോക്കില്‍ നടക്കും. സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് നോന്‍താബുരിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡയും ഇതാണ്. അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം. നാലിന് മോദി ഡല്‍ഹിക്ക് മടങ്ങും.