കോന്ത്രന്‍പല്ലുണ്ടെന്ന് പറഞ്ഞ് മൊഴിചൊല്ലി; ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരേ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd November 2019 06:57 AM |
Last Updated: 02nd November 2019 06:57 AM | A+A A- |

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്; ഭാര്യയ്ക്ക് കോന്ത്രന്‍പല്ലുണ്ടെന്ന കാരണം മറഞ്ഞ് മുത്തലാഖ് ചൊല്ലിയതിന് യുവാവിന് എതിരേ കേസ്. ഹൈദരാബാദ് സ്വദേശിനിയായ റുക്‌സാന ബീഗം എന്ന യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് മുസ്തഫയ്ക്കും കുടുംബത്തിനുമെതിരേ കേസ് എടുത്തത്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും പിന്നീട് കോന്ത്രന്‍പല്ലുണ്ടെന്ന് പറഞ്ഞ് മൊഴിചൊല്ലുകയുമായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്.
കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്തുതന്നെ ഒട്ടേറെ സാധനങ്ങള്‍ മുസ്തഫയും കുടുംബവും ചോദിച്ചുവാങ്ങിയിരുന്നു. വിവാഹശേഷവും ആവശ്യങ്ങള്‍ തുടര്‍ന്നു. കിട്ടാതായപ്പോള്‍ ഭര്‍തൃമാതാവ് രണ്ടാഴ്ചയോളം മുറിയില്‍ പൂട്ടിയിട്ടു. ഒടുവില്‍ കോന്ത്രന്‍പല്ലുണ്ടെന്ന കാരണംപറഞ്ഞ് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. മുത്തലാഖ് നിയമം, സ്ത്രീധനനിരോധന നിയമം എന്നിവ ചുമത്തി ഒക്ടോബര്‍ 31നാണ് പോലീസ് കേസെടുത്തത്.