എന്റെ ഫോണും ചോര്‍ത്തി; പിന്നില്‍ കേന്ദ്രവും ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളും: ഗുരുതര ആരോപണവുമായി മമത ബാനര്‍ജി

മോദി സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
എന്റെ ഫോണും ചോര്‍ത്തി; പിന്നില്‍ കേന്ദ്രവും ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളും: ഗുരുതര ആരോപണവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ് ആപ്പിലൂടെ ഇസ്രായേലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയ വിഷയത്തില്‍ സംസാരിക്കവെയായിരുന്നു മമതയുടെ  ആരോപണം. ഇവിടെ ഒന്നും സുരക്ഷിതമല്ല, വാട്‌സ്ആപ്പ് പോലും. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോരില്ലെന്നായിരുന്നു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. ഈ വിഷയം പ്രധാനമന്ത്രി അന്വേഷിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്, മമത പറഞ്ഞു.

എല്ലാ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ട്. ഇതില്‍നിന്നും ആരും ഒഴിഞ്ഞ് നില്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയും രണ്ട് സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇത് നടക്കുന്നത്. അവ ഏത് സംസ്ഥാനമാണെന്ന് ഞാന്‍ പേരെടുത്ത് പറയുന്നില്ല. പക്ഷേ, ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് അവ- മമത ആരോപിച്ചു.

രാജ്യത്തെ ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെയും സാമൂഹ്യപ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒയെ  ബിജെപി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും മമത പറഞ്ഞു.

ഇത് തെറ്റാണ്. ആരുടെയും സ്വകാര്യതയില്‍ കടന്നുകയറാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. മാധ്യമസ്വാതന്ത്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. ഓരോ നിമിഷവും നമ്മള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നിടത്ത് സ്വതന്ത്രമായി സംസാരിക്കാനുള്ള എന്ത് സ്വാതന്ത്ര്യമാണുള്ളത് എന്നും മമതാ ബാനര്‍ജി ചോദിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com