വിവരങ്ങൾ ചോർത്തൽ; കേന്ദ്ര സർക്കാരിന് വിശദീകരണം നൽകി വാട്സാപ്പ്

സ്പൈവെയര്‍ വിവാദത്തില്‍ വാട്സാപ്പ് കേന്ദ്ര സര്‍ക്കാറിന് വിശദീകരണം നൽകി
വിവരങ്ങൾ ചോർത്തൽ; കേന്ദ്ര സർക്കാരിന് വിശദീകരണം നൽകി വാട്സാപ്പ്

ന്യ‍ൂഡൽഹി: സ്പൈവെയര്‍ വിവാദത്തില്‍ വാട്സാപ്പ് കേന്ദ്ര സര്‍ക്കാറിന് വിശദീകരണം നൽകി. ഇന്ത്യക്കാർ ഉൾപ്പടെ ഉള്ളവരുടെ വിവരങ്ങൾ ഇസ്രായേൽ എന്‍എസ്ഒ സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയ സംഭവത്തിലാണ് വാട്സാപ്പിന്റെ വിശദീകരണം നല്‍കിയത്. 

വിവരം ചോർത്തലിനെക്കുറിച്ച് കഴിഞ്ഞ മെയില്‍ തന്നെ ഇന്ത്യൻ  അധികൃതരെ അറിയിച്ചിരുന്നുവെന്ന് വാട്സാപ്പ് പറയുന്നു. പുതിയ വിവാദത്തിന്‍റെ പേരില്‍ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന  നടപടികളുമായി സഹകരിക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമെന്നും വാട്സാപ്പ് വ്യക്തമാക്കി. 

17 ഇന്ത്യക്കാർ അടക്കം 20 രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങൾ ഇസ്രായേലൽ എന്‍എസ്ഒ ചോർത്തിയെന്നാണ് വാട്സാപ്പ് അമേരിക്കൻ കോടതിയെ അറിയിച്ചത്. സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് കമ്പനിയോട് വിശദീകരണം തേടിയത്. 

ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ചുരുങ്ങിയത് രണ്ടു ഡസൻ ഇന്ത്യൻ മാധ്യമ പ്രവർത്തകരടക്കമുള്ള പ്രമുഖരുടെ ഫോണുകളിലെ വാട്സാപ്പ് മെസഞ്ചറിലുള്ള ന്യൂനതകൾ മുതലെടുത്തു അവർക്കുമേൽ ചാരപ്പണി നടത്തപ്പെട്ടുവെന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഇസ്രായേൽ രഹസ്യ പൊലീസ് സംഘടനയിലെ മുൻ അംഗങ്ങൾ ഡയറക്ടർമാരായ എൻഎസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്റ്റ്‌വെയറാണ് ഈ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതും തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ എൻഎസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് വാട്സാപ്പ് കമ്പനിയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com