പ്രിയങ്കയുടെ വാട്‌സാപ്പ് ചോര്‍ത്തി; സന്ദേശം ലഭിച്ചതായി കോണ്‍ഗ്രസ്

പ്രിയങ്കയുടെ വാട്‌സാപ്പ് ചോര്‍ത്തി; സന്ദേശം ലഭിച്ചതായി കോണ്‍ഗ്രസ്

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഫോണ്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കി കൊണ്ട് പ്രിയങ്ക ഗാന്ധിക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചതായി എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. പ്രമുഖ നേതാക്കളുടെ വിവരങ്ങള്‍ ചാര സോഫ്റ്റ് വെയര്‍ ചോര്‍ത്തുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോ എന്ന് സുര്‍ജേവാല ചോദിച്ചു. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ തന്നെ കുറ്റക്കാരാവുന്ന സ്ഥിതിവിശേഷമാണോ നിലനില്‍ക്കുന്നത് എന്നും കോണ്‍ഗ്രസ് സംശയം ഉന്നയിച്ചു.

കഴിഞ്ഞദിവസമാണ് ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായുളള വിവരം പുറത്തുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നോ ചോര്‍ത്തല്‍ എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പൗരന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ചാരപ്പണി ചെയ്തു എന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്തെ 121 പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ലക്ഷ്യമിട്ടിരുന്നതായി സെപ്റ്റംബറിലാണ് വാട്‌സാപ്പ് സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അപൂര്‍ണവും അപര്യാപ്തവുമാണെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ആരോപണങ്ങള്‍ തളളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com