ഡിവോഴ്സിനെ ചൊല്ലി നിരന്തരം കുറ്റപ്പെടുത്തി; യുവതി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th November 2019 08:14 PM |
Last Updated: 04th November 2019 08:14 PM | A+A A- |

ന്യൂഡല്‍ഹി: ശല്യം സഹിക്കാനാകാതെ മകള്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു. ഡല്‍ഹിയിലെ ഹരിനഗറിലാണ് ദാരുണ സംഭവം. ഹരിനഗര്‍ സ്വദേശിനി സന്തോഷ് ഭഗ്ഗ (85)യെയാണ് മകള്‍ നീരു ഭഗ്ഗ കൊലപ്പെടുത്തിയത്. നീരു ഭഗ്ഗയെ പൊലീസ് അറസ്റ്റ് ചെയ്തു. നീരുവുമായി പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച മായാപുരിയിലെ ഖസാന്‍ ബസ്തിയില്‍ നീരു ഭഗ്ഗ തലയ്ക്ക് മുറിവേറ്റ നിലയില്‍ അസ്വസ്ഥമായ രീതിയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തതിലൂടെയാണ് അമ്മയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിന് തന്നെ അമ്മ ഇടക്കിടെ കുറ്റപ്പെടുത്താറുണ്ടെന്നും പുനര്‍ വിവാഹത്തിന് നിര്‍ബന്ധിക്കാറുള്ളതായും നീരു പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ശല്യം സഹിക്കാനാകാതെ ഇരുമ്പു ദണ്ഡ് കൊണ്ട് നീരു അമ്മയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.