'ബാബരി പ്രശ്നം തീർക്കാൻ രാജീവ് ഒന്നും ചെയ്തില്ല, പള്ളി സംരക്ഷിക്കാൻ റാവുവും'; വിമർശനവുമായി മുൻ ആഭ്യന്തര സെക്രട്ടറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th November 2019 03:33 PM |
Last Updated: 04th November 2019 03:33 PM | A+A A- |

ന്യൂഡല്‍ഹി: 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വര്‍ഷം ഉത്തര്‍പ്രദേശില്‍ ഭരണഘടനയുടെ 355ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരണിക്കണമെന്ന നിര്‍ദേശം വച്ചിരുന്നുവെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്‌ബോലെ. ആര്‍ട്ടിക്കിള്‍ 355 പ്രാവര്‍ത്തികമാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പള്ളി സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളോട് സഹകരിച്ചില്ല.
'ദ ബാബരി മസ്ജിദ് രാം മന്ദിര്‍ ഡിലമ: ആന്‍ ആസിഡ് ടെസ്റ്റ് ഫോര്‍ ഇന്ത്യാസ് കോണ്‍സ്റ്റിറ്റിയൂഷന്‍' എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കൊണാര്‍ക് പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവിനു രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദ് സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ബാബരി മസ്ജിദ് ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എന്തെല്ലാം മുന്‍കരുതലുകളെടുക്കണമെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കിയിരുന്നു. അത് സ്വീകരിക്കാന്‍ നരസിംഹറാവു തയ്യാറായില്ലെന്നും ഗോഡ്‌ബോലെ ആരോപിക്കുന്നു.
അയോധ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും കാര്‍സേവകര്‍ ബാബറി മസ്ജിദിലേക്കെത്തുന്നത് പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മസ്ജിദും ചുറ്റുപാടും കേന്ദ്ര പൊലീസ് സേനകളുടെ നിയന്ത്രണത്തിലാക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. എന്നാലിത് നടപ്പാക്കാനാവില്ലെന്നു കാട്ടി റാവു തള്ളി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ റാവു വിശ്വാസമര്‍പ്പിച്ചു. ഇതോടെ സ്വതന്ത്ര നടപടിയെടുക്കാന്‍ കല്യാണ്‍ സിങ് സര്‍ക്കാരിന് അവസരം ലഭിച്ചു. നിയമം കൈയിലെടുക്കാന്‍ കാര്‍സേവകര്‍ക്കായി. പള്ളി തകര്‍ക്കുകയും ചെയ്തു.
പ്രധാനമന്ത്രിതലത്തില്‍ നിന്നുതന്നെ രാഷ്ട്രീയ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കില്‍ രാമായണത്തിലെ ഈ 'മഹാഭാരത യുദ്ധം' ഒഴിവാക്കാമായിരുന്നു. പ്രധാന 'ടെസ്റ്റ് മത്സര'ത്തില്‍ റാവു വഹിച്ചത് സുപ്രധാന പങ്കാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം കളിക്കില്ലാത്ത ക്യാപ്റ്റനെപ്പോലെയാണ് പെരുമാറിയത്. മസ്ജിദ് കടുത്ത ഭീഷണിയിലായപ്പോഴും റാവുവും മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, വിപി സിങ് എന്നിവരും സമയബന്ധിതമായി നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു.
രാമജന്മഭൂമി ബാബരി മസ്ജിദ് തര്‍ക്കം കടുക്കുന്നതിനു മുമ്പ്, രാജീവ് പ്രധാനമന്ത്രിയായിരിക്കെ, അനുരഞ്ജന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, നടപടിയായില്ല. വിപി സിങ്ങും നിശ്ചലനായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.
പള്ളി തകര്‍ത്തതിനു പിന്നാലെ 1993 മാര്‍ച്ചില്‍ ഗോഡ്‌ബോലെ സ്വയം വിരമിക്കുകയായിരുന്നു.