വീണ്ടും കുഴല്‍ക്കിണര്‍ അപകടം ; അഞ്ചുവയസ്സുകാരി അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th November 2019 09:47 AM |
Last Updated: 04th November 2019 09:48 AM | A+A A- |
ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ചതിന്റെ ആഘാതം വിട്ടുമാറും മുമ്പേ, വീണ്ടുമൊരു കുഴല്‍ക്കിണര്‍ അപകടം കൂടി. ഹരിയാണ കര്‍ണാലിലെ ഗരൗന്ധയിലാണ് വീണ്ടും അപകടമുണ്ടായത്. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്.
അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു. കുട്ടിക്ക് പൈപ്പ് മുഖാന്തിരം ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നതായും, രക്ഷാദൗത്യം തുടരുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.
ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. 25ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.