'സെക്സ് വീഡിയോ' വൈറലായി ; ബിജെപി അധ്യക്ഷൻ രാജിവെച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th November 2019 07:49 AM |
Last Updated: 04th November 2019 07:49 AM | A+A A- |
ദാമൻ : യുവതിയുമൊത്തുള്ള നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവിലെ ബിജെപി അധ്യക്ഷൻ ഗോപാൽ ടൻഡേൽ രാജിവെച്ചു. വിവാദത്തെതുടർന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു. മുൻ ലോക്സഭാ എംപി കൂടിയായ ഗോപാൽ ടൻഡേലിന്റേതെന്ന പേരിൽ ഒരു യുവതിയുമൊത്തുള്ള നഗ്നവിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രണ്ടു വർഷം മുൻപെടുത്തതാണ് വിഡിയോ എന്നാണു കരുതുന്നത്.
ഒരു യുവതിക്കൊപ്പം ഗോപാലുമായി മുഖസാദൃശ്യമുള്ള വ്യക്തി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാൽ ശനിയാഴ്ച പൊലീസില്‍ പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു. ദാമൻ, ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദം. തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കൾ തന്നെയാണു വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ പറയുന്നു. വീണ്ടും അധ്യക്ഷസ്ഥാനത്തേക്കു വരുന്നതു തടയാൻ വേണ്ടിയാണിത്.
ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെ പേരും പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ വാർത്താസമ്മേളനം വിളിച്ച് ഇവരുടെ പേരുവിവരം വെളിപ്പെടുത്തും. വിഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്തു ചേർത്തതാണെന്നും ഗോപാൽ വ്യക്തമാക്കി. അറുപത്തിയഞ്ചുകാരനായ ഗോപാൽ നാലു വർഷം മുൻപാണ് ബിജെപിയിൽ ചേർന്നത്. അതിനു മുൻപ് കോൺഗ്രസ്, എൻസിപി പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്. ദാമനിലെ എൻസിപി അധ്യക്ഷനായിരിക്കെയാണു രാജിവച്ച് ബിജെപിയിൽ ചേർന്നത്.