കോൺ​ഗ്രസിന്റെ ഉന്നതതല യോ​ഗങ്ങളിൽ ഇനി മൊബൈൽ ഉപയോ​ഗിക്കരുത്; വിലക്കേർപ്പെടുത്തി സോണിയ 

കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്
കോൺ​ഗ്രസിന്റെ ഉന്നതതല യോ​ഗങ്ങളിൽ ഇനി മൊബൈൽ ഉപയോ​ഗിക്കരുത്; വിലക്കേർപ്പെടുത്തി സോണിയ 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക്. വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് മൊബൈലിന് വിലക്കേർപ്പെടുത്തിയത്. ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗങ്ങളിലടക്കം ഭാവിയില്‍ നേതാക്കള്‍ മൊബൈല്‍ ഫോണുകളുമായി എത്തുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും പോഷക സംഘടനാ നേതാക്കളുടെയും യോഗം സോണിയ ശനിയാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. നവംബര്‍ അഞ്ച് മുതല്‍ 15 വരെ കോണ്‍ഗ്രസ് സംഘടിപ്പിക്കാനൊരുങ്ങുന്ന പത്ത് ദിവസത്തെ പ്രക്ഷോഭ പരിപാടികള്‍ക്ക് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. 

സാമ്പത്തിക മാന്ദ്യം, ആര്‍സിഇപി കരാര്‍, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഈ യോഗത്തിലടക്കം മുതിര്‍ന്ന നേതാക്കള്‍ മൊബൈല്‍ ഫോണുകളുമായാണ് എത്തിയത്.

അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com