സര്‍ക്കാര്‍ രൂപീകരണം ഉടന്‍; നിര്‍ണായക നീക്കവുമായി ബിജെപി; ഫഡ്‌നാവിസ് അമിത് ഷാ കുടിക്കാഴ്ച

മഹാരാഷ്ട്രയില്‍ എത്രയും വേഗം സര്‍ക്കാരുണ്ടാക്കുമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ്
സര്‍ക്കാര്‍ രൂപീകരണം ഉടന്‍; നിര്‍ണായക നീക്കവുമായി ബിജെപി; ഫഡ്‌നാവിസ് അമിത് ഷാ കുടിക്കാഴ്ച

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയനാടകങ്ങള്‍ തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ബിജെപി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്്‌നാവിസ് പാര്‍ട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേന നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാട് തുടരുന്നതിനിടെയാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എത്രയും വേഗം സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ് മാധ്യങ്ങളോട് പറഞ്ഞു. അതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം. സംസ്ഥാനത്ത് എത്രയും വേഗം സര്‍ക്കാരുണ്ടാക്കണമെന്ന് അമിത് ഷാ ഫഡ്‌നാവിസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സര്‍ക്കാരുണ്ടാക്കാന്‍ മതിയായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേനയുടെ വാദം. വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും അവര്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ ശിവസേനയുടെ മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

പിന്‍വാതില്‍ ചര്‍ച്ചകളൊന്നുമില്ല. സര്‍ക്കാറുണ്ടാക്കുന്ന കാര്യത്തില്‍ തടസ്സമുണ്ട്; പക്ഷേ, അതിനുത്തരവാദി ഞങ്ങളല്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കണം. അവര്‍ പരാജയപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അവകാശപ്പെടാമല്ലോ.' എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. അതേസമയം ബിജെപിയും ശിവസേനയും ജനാധിപത്യത്തെ അപമാനിക്കുകയാണെന്ന് എന്‍സിപി നേതാവ് രോഹിത് പവാര്‍ പറഞ്ഞു.

വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 105 അംഗങ്ങളുള്ളപ്പോള്‍ 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ശിവസേന പറയുന്നത്.  എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാറുണ്ടാക്കാമെന്നാണ് സേനയുടെ കണക്കുകൂട്ടല്‍. ശിവസേനക്ക് 56ഉം എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസ് 44ഉം സീറ്റുകളാണുള്ളത്. സര്‍ക്കാറുണ്ടാക്കാനുള്ള വഴിതുറന്നാല്‍ 13 സ്വതന്ത്രരില്‍ ചിലരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശിവസേന കണക്കുകൂട്ടുന്നു. നിലവില്‍ ആറ് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com