അമ്മയ്‌ക്കൊപ്പം ഉറങ്ങിയ നവജാതശിശുവിനെ കാണാതായി; ജീവനോടെ കടല്‍ത്തീരത്ത് കുഴിച്ചിട്ടത് പിതാവ്, ക്രൂരത
By സമകാലികമലയാളം ഡെസ്‌ക് | Published: 05th November 2019 10:31 PM |
Last Updated: 05th November 2019 10:33 PM | A+A A- |

ചെന്നൈ: പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കടല്‍ തീരത്ത് ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വടമരുത്തൂര്‍ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള അതൃപ്തി മൂലമാണ് പിതാവ് കൃത്യം നടത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഡി വരദരാജനെ(25)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ അമ്മ സൗന്ദര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആണ്‍കുഞ്ഞിന് വേണ്ടി ആഗ്രഹിച്ച വരദരാജന്‍ പെണ്‍കുഞ്ഞ് ജനിച്ചത് മുതല്‍ അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് തിങ്കഴാള്ച അമ്മക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു കുഞ്ഞിനെ ആരും അറിയാതെ എടുത്ത് കൊണ്ട് പോയി ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു.
അമ്മ രാത്രി ഒരുമണിക്ക് ഉണര്‍ന്ന് നോക്കിയപ്പോഴാണ് കുഞ്ഞ് അടുത്തില്ലെന്ന് മനസിലായത്. ഇവരുടെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ കുഞ്ഞിനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ അടുത്ത ദിവസം പുലര്‍ച്ചെ നദീതീരത്ത് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കടല്‍ തീരത്തുണ്ടായിരുന്ന കാല്‍പ്പാടുകള്‍ വരദരാജന്റേതാണെന്ന് സൗന്ദര്യയും ബന്ധുക്കളും തിരിച്ചറിയുകയും ചെയ്തു.
പെണ്‍കുഞ്ഞ് ജനിച്ചതില്‍ വളരെയധികം അസ്വസ്ഥനായിരുന്നു വരദരാജന്‍. കുഞ്ഞിനെ കൊല്ലുമെന്ന് ഇയാള്‍ ഒരിക്കല്‍ പരസ്യമായി പറയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. ഇതോടെയാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കുഞ്ഞിനെ കൊല്ലുമെന്ന് വരദരാജന്‍ സൗന്ദര്യയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി ആവര്‍ത്തിച്ചപ്പോള്‍ കുഞ്ഞിനെയും കൊണ്ട് സൗന്ദര്യ തന്റെ വീട്ടില്‍ പോയി. എന്നാല്‍ കുഞ്ഞിനെ ഉപദ്രവിക്കില്ലെന്ന് വരദരാജന്‍ സൗന്ദര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പിന്നീട് തിങ്കളാഴ്ച രാവിലെ സൗന്ദര്യ ഭര്‍തൃവീട്ടില്‍ തിരിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2018 ഓഗസ്റ്റിലാണ് സൗന്ദര്യയെ വരദരാജന്‍ വിവാഹം കഴിക്കുന്നത്.