അബ്ദുള്‍കലാമിന്റെ പേരിലുള്ള പുരസ്‌കാരം അച്ഛന്റെ പേരിലേക്ക് മാറ്റി; ജഗന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

അബ്ദുള്‍കലാമിന്റെ പേരിലുള്ള പുരസ്‌കാരം അച്ഛന്റെ പേരിലേക്ക് മാറ്റി -  മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
അബ്ദുള്‍കലാമിന്റെ പേരിലുള്ള പുരസ്‌കാരം അച്ഛന്റെ പേരിലേക്ക് മാറ്റി; ജഗന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ഹൈദ്രാബാദ്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ പേര് മാറ്റി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢി തന്റെ അച്ഛന്റെ പേര് നല്‍കിയ നടപടി വിവാദമാകുന്നു. ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്നു പരേതനായ വൈഎസ് രാജശേഖര റെഡ്ഢി. പുരസ്‌കാരത്തിന് വൈഎസ് രാജശേഖര റെഡ്ഢിയുടെ പേരാണ് ജഗന്‍ നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഉത്തരവ് നിലവില്‍ വന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന പുരസ്‌കാരമായ പ്രതിഭാ വിദ്യാ പുരസ്‌കാരം ഇനി മുതല്‍ വൈഎസ്ആര്‍ വിദ്യാ പുരസ്‌കാര്‍ ആയിരുക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

മൗലാന അബൂള്‍ കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ പതിനൊന്നിനാണ് സാധാരണയായി ഈ പുരസ്‌കാരവിതരണം നടത്താറുള്ളത്. പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിനെതിരെ പ്രതിപക്ഷമുള്‍പ്പടെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികാരഗര്‍വ്വാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജഗനെതിരെ രംഗത്തെത്തി. ജീവിതം കൊണ്ട് രാജ്യത്തെയാകെ പ്രചോദിപ്പിച്ച  മഹാനാണ് എപിജെ അബ്ദുള്‍ കലാം. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ പേര് മാറ്റിയ നടപടി അത്യന്തം ദുഖകരമാണ്. ഇതിലൂടെ ആദരണീയനായ കലാമിനെ അവഹേളിക്കുകയാണ് ചെയ്തതെന്ന് നായിഡു പറഞ്ഞു. ബിജെപിയും മുഖ്യമന്ത്രി ജഗനെതിരെ രംഗത്തെത്തിയിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com