മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; ഹര്‍ജി പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് മാറ്റി

പത്ത് ദിവസത്തേക്ക് ഈ ഹര്‍ജി പരിഗണിക്കാക്കാനായി മാറ്റുന്നത് ഒരു പ്രത്യേക കാരണത്താല്‍ ആണെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; ഹര്‍ജി പരിഗണിക്കുന്നത് പത്ത് ദിവസത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി പത്ത് ദിവസസത്തേക്ക് നീട്ടി വെച്ചു. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ്, സുബേര്‍ അഹമ്മദ് നസീര്‍ എന്നിവരുടേതാണ് ഹര്‍ജി. ഹര്‍ജിയിലെ ആവശ്യത്തെക്കുറിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കും എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. 

എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ജൂനിയര്‍ അഭിഭാഷകര്‍ കോടതി മുറിയില്‍ എത്തിയിരുന്നു എങ്കിലും കെകെ വേണുഗോപാല്‍ എത്തിയില്ല. ജസ്റ്റിസ്മാരായ എസ്എ ബോബ്‌ഡെ, അബ്ദുല്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേസിലെ എതിര്‍കക്ഷികള്‍ ആയ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് നിലപാട് അറിയിക്കാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.  

എന്നാല്‍ പത്ത് ദിവസത്തിന് ശേഷം ഹര്‍ജി പരിഗണിക്കാം എന്നാണ് ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചത്. പത്ത് ദിവസത്തേക്ക് ഈ ഹര്‍ജി പരിഗണിക്കാക്കാനായി മാറ്റുന്നത് ഒരു പ്രത്യേക കാരണത്താല്‍ ആണെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. എന്താണ് ആ പ്രത്യേക കാരണം എന്ന് ജസ്റ്റിസ് ബോബ്‌ഡെ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുല്‍ നസീറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് ബോബ്‌ഡെ ഈ അഭിപ്രായം വ്യക്തമാക്കിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com