അമേരിക്കയുടെ ഭീകരപ്പട്ടികയില്‍ സിപിഐ മാവോയിസ്റ്റും; സംഘടനകളില്‍ ആറാംസ്ഥാനത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2019 10:49 AM |
Last Updated: 06th November 2019 10:54 AM | A+A A- |

വാഷിങ്ടണ്‍ : സിപിഐ മാവോയിസ്റ്റിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ഭീകര സംഘടനകളില്‍ ആറാം സ്ഥാനത്താണ് മാവോയിസ്റ്റ് സംഘടന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയ സംഘടനയാണ് മാവോയിസ്റ്റുകള്‍. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റുകള്‍ നടത്തിയ 177 ആക്രമണങ്ങളില്‍ ഇന്ത്യയില്‍ 311 പേര്‍ കൊല്ലപ്പെട്ടതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയ സംഘടനകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് താലിബാനാണ്. ഐഎസ് രണ്ടാമതും അല്‍ഷബാബ് (ആഫ്രിക്ക) മൂന്നാമതുമാണ്. ബൊക്കോഹറാം നാലാമതും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് അഞ്ചാം സ്ഥാനത്തുമുണ്ട്. ഇതിന് തൊട്ടുപിന്നാലെയായി ആറാംസ്ഥാനത്താണ് സിപിഐ മാവോയിസ്റ്റുകള്‍. 176 ആക്രമണങ്ങള്‍ മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ നടത്തിയെന്നും യുഎസ് വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
174 ആക്രമണങ്ങളാണ് ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ-തയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ മൂന്ന് ഭീകരസംഘടനകള്‍ കൂടി ഇന്ത്യയില്‍ നടത്തിയത്. ഇതിലും കൂടുതല്‍ ആക്രമണങ്ങള്‍ മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ നടത്തിയതായി അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ഭീകരാക്രമണങ്ങളില്‍ മരിച്ചത് ഛത്തീസ്ഗഡിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, ജമ്മുകശ്മീരാണ് തൊട്ടുപിന്നില്‍.
311 പേര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമ്പോള്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ കണക്കുപ്രകാരം മാവോയി്‌സ്റ്റ് അക്രമങ്ങളില്‍ മരിച്ചത് 240 പേരാണ്. ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ഇന്ത്യയില്‍ പകുതിയിലധികം ഭീകരാക്രമണങ്ങളും കശ്മീരിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.