നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റിലിരുന്ന് ബിജെപി എംഎൽഎയുടെ അനുയായികളുടെ മദ്യപാനം ; ചോദ്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2019 07:58 AM |
Last Updated: 06th November 2019 07:58 AM | A+A A- |
ചണ്ഡീഗഡ് : നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കയറിയിരുന്ന് പരസ്യമായി മദ്യപിച്ച് ബിജെപി പ്രവർത്തകർ. ഹരിയാനയിലെ യമുനനഗറിലാണ് സംഭവം. മദ്യപാനം നിര്‍ത്താന്‍ അഭ്യര്‍ഥിച്ച പൊലീസുകാരനെ യുവാവ് ശകാരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. നിയമലംഘനം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അധികൃതർ സസ്പെന്‍ഡു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ബിജെപിയുടെ പ്രാദേശിക നേതാവും ജഗദ്രി എംഎൽഎയുമായ ചൗധരി കന്‍വര്‍പാലിന്‍റെ അനുയായികളാണ് പരസ്യമായി നിയമം ലംഘനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങിയശേഷം വാഹനം റോഡിന്‍റെ നടുവില്‍ നിര്‍ത്തിയിട്ട് ബോണറ്റില്‍ കയറിയിരുന്ന് ഗ്ലാസ് നിരത്തിവച്ച് കുടി തുടങ്ങുകയായിരുന്നു. വാഹനത്തിന്‍റെ പുറകില്‍ നേതാവിന്‍റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. അടുത്തുള്ള പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് പൊലീസുകാരന്‍ സ്ഥലത്തെത്തി മദ്യപാനം നിര്‍ത്താനും വാഹനം മാറ്റിയിടാനും ആവശ്യപ്പെട്ടു.
എന്നാല്‍ ഇതുവകവെക്കാതെ യുവാക്കൾ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മദ്യാപാനം തുടരുകയും ചെയ്തു. എത്ര പൊലീസുകാരെ വേണമെങ്കിലും വിളിച്ചോളൂവെന്നും തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും യുവാവ് ആക്രോശിച്ചു. മദ്യപാനത്തിന് ശേഷം പൊലീസുകാരനെ നാട്ടുകാർക്ക് മുന്നിൽ പരിഹസിച്ചശേഷമാണ് ഇവർ സ്ഥലംവിട്ടത്. നിയമലംഘനം തടയാന്‍ ശ്രമിച്ച എഎസ്ഐ രജീന്ദറിനെ സസ്പെന്‍ഡു ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.