കോടതിയുടെ ​ഗെയ്റ്റ് ചങ്ങലയിട്ട് പൂട്ടി അഭിഭാഷകർ; തള്ളിത്തുറക്കാൻ നാട്ടുകാർ; കാണികളായി പൊലീസ്; ഡൽഹിയിൽ സംഘർഷം

തലസ്ഥാന ന​ഗരിയിൽ പൊട്ടിപ്പുറപ്പെട്ട അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു
കോടതിയുടെ ​ഗെയ്റ്റ് ചങ്ങലയിട്ട് പൂട്ടി അഭിഭാഷകർ; തള്ളിത്തുറക്കാൻ നാട്ടുകാർ; കാണികളായി പൊലീസ്; ഡൽഹിയിൽ സംഘർഷം

ന്യൂ‍ഡൽ​ഹി: തലസ്ഥാന ന​ഗരിയിൽ പൊട്ടിപ്പുറപ്പെട്ട അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിനിടെ ഡൽഹി സാകേത് കോടതിയിൽ സംഘർഷം അരങ്ങേറി. അഭിഭാഷകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യമുയർത്തിയാണ് അഭിഭാഷകരുടെ പ്രതിഷേധം.

അതിനിടെയാണ് സാകേത് കോടതി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.  ചങ്ങലയിട്ട് പൂട്ടിയ കോടതിയുടെ ​ഗെയ്റ്റ് തള്ളിത്തുറക്കാൻ നാട്ടുകാർ ശ്രമിച്ചതാണ് സംഘർത്തിനിടയാക്കിയത്. അഭിഭാഷകരാണ് ​ഗെയ്റ്റ് പൂട്ടിയത്. ഇത് തള്ളിത്തുറക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. ​​ഗെയ്റ്റിന് പുറത്ത് നാട്ടുകാരും അപ്പുറത്ത് അഭിഭാഷകരും നിലയുറപ്പിച്ച് വാ​ഗ്വാദങ്ങളിലേർപ്പട്ടു.

രാവിലെ ഏഴ് മുതൽ വിവിധ വ്യവഹാരങ്ങൾക്കായി കോടതിയിലെത്തിയവർക്കൊന്നും അകത്ത് കടക്കാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ. ആരെയും അകത്തേക്ക് കയറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അഭിഭാഷകർ. സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായി നിൽക്കുകയായിരുന്നു.

പ്രതിഷേധത്തിൽ നിന്ന് പിൻമാറാൻ അഭിഭാഷകരോട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിഭാഷകർ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ്. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്നും കോടതി നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലിൽ 20ഓളം പൊലീസുകാർക്കും പത്തോളം അഭിഭാഷകർക്കുമാണ് പരുക്കേറ്റത്. ഇരു വിഭാ​ഗവും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. പൊലീസ് അന്വേഷണത്തെ അഭിഭാഷകരും ജുഡീഷ്യൽ അന്വേഷണത്തെ പൊലീസുകാരും അം​ഗീകരിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഈ വിഷയം എങ്ങനെ പരി​ഹരിക്കുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com