കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത്, മോദി പ്രസിഡന്റ്; നെഹ്‌റു മ്യൂസിയം പുനഃസംഘടിപ്പിച്ചു

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു
കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത്, മോദി പ്രസിഡന്റ്; നെഹ്‌റു മ്യൂസിയം പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്റും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ വൈസ് പ്രസിഡന്റുമാക്കിയാണ് സൊസൈറ്റി പുനഃസംഘടിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്. മെമോറാണ്ടം ഓഫ് അസോസിയേഷന്‍ ആന്‍ഡ് റൂള്‍സ് റെഗുലേഷന്‍സ് പ്രകാരമാണ് സൊസൈറ്റി പുനഃസംഘടിപ്പിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പകരം മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ്മ, പരസ്യരംഗത്തെ പ്രമുഖന്‍ പ്രസൂണ്‍ ജോഷി അടക്കമുളളവരെ ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന. പുതിയ ഉത്തരവ് വരികയോ, അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുകയോ, ഏതാണോ ഇതില്‍ ആദ്യം അതുവരെ അംഗങ്ങള്‍ക്ക് സൊസൈറ്റിയില്‍ തുടരാം.


കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരും ഐസിസിആര്‍ ചെയര്‍മാന്‍ വിനയ് സഹസ്രബുദ്ധ, പ്രസാര്‍ഭാരതി ചെയര്‍മാന്‍ എ.സൂര്യപ്രകാശ് തുടങ്ങിയവരും സൊസൈറ്റിയിലെ അംഗങ്ങളാണ്. റിപ്പബ്ലിക്ക് ടിവി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ചെയര്‍മാര്‍ റാം ബഹാദൂര്‍ തുടങ്ങിയവരെ നേരത്തെ സൊസൈറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി, പ്രൊഫ. ഉദയന്‍ മിശ്ര, ബി പി സിങ് എന്നിവരെ കഴിഞ്ഞവര്‍ഷം സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു. നെഹ്‌റു മ്യൂസിയം സൊസൈറ്റിയോട് കേന്ദ്രം സ്വീകരിച്ചിരുന്ന നിലപാടുകളെ ഇവര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂവരെയും പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com