ഡല്‍ഹി സംഘര്‍ഷം: പൊലീസിന് തിരിച്ചടി; അഭിഭാഷകര്‍ക്ക് എതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി, പുനഃപരിശോധന ഹര്‍ജി തള്ളി

സാകേത് കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടി പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി സംഘര്‍ഷം: പൊലീസിന് തിരിച്ചടി; അഭിഭാഷകര്‍ക്ക് എതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി, പുനഃപരിശോധന ഹര്‍ജി തള്ളി


ന്യൂഡല്‍ഹി: സാകേത് കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടി പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അഭിഭാഷകര്‍ക്ക് എതിരെ നടപടി പാടില്ലെന്ന ശനിയാഴ്ചത്തെ ഉത്തരവില്‍ മാറ്റമില്ലെന്നും കേസോ അറസ്‌റ്റോ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവില്‍ വ്യക്തത തേടിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുനഃപരിശോധന ഹര്‍ജി കോടതി തളളി.

സംഘര്‍ഷത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ കോടതി ശരിവച്ചു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ തല്‍സ്ഥിതി തുടരാനും നിര്‍ദേശമുണ്ട്. വിഷയത്തില്‍ നിലവില്‍ പൊലീസുകാര്‍ക്ക് എതിരെ മാത്രമാണ് അന്വേഷണം നടക്കുന്നത്.

സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആരോപിച്ചു. അതേസമയം, ഇന്ന് അഭിഭാഷകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

സാകേത് കോടതിയുടെ ഗേറ്റുകള്‍ അഭിഭാഷകര്‍ ചങ്ങലയിട്ട് പൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണം. ഗേയ്റ്റ് തുറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. ഗെയ്റ്റിന് പുറത്ത് നാട്ടുകാരും അപ്പുറത്ത് അഭിഭാഷകരും നിലയുറപ്പിച്ച് വാഗ്വാദങ്ങളിലേര്‍പ്പട്ടു. രാവിലെ ഏഴ് മുതല്‍ വിവിധ വ്യവഹാരങ്ങള്‍ക്കായി കോടതിയിലെത്തിയവര്‍ക്ക് അകത്ത് കടക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നപ്പോഴാണ് നാട്ടുകാര്‍ അഭിഭാഷകര്‍ക്ക് എതിരെ രംഗത്ത് വന്നത്.

പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ അഭിഭാഷകരോട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണുണ്ടായത്. പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കോടതി നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

രണ്ടാംതീയതി നടന്ന ഏറ്റമുട്ടലില്‍ 20ഓളം പൊലീസുകാര്‍ക്കും പത്തോളം അഭിഭാഷകര്‍ക്കുമാണ് പരുക്കേറ്റിരുന്നു. ഇരു വിഭാഗവും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. പൊലീസ് അന്വേഷണത്തെ അഭിഭാഷകരും ജുഡീഷ്യല്‍ അന്വേഷണത്തെ പൊലീസുകാരും അംഗീകരിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഈ വിഷയം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com