പ്ലാസ്റ്റിക് തിരിച്ചു നല്‍കൂ; മുട്ടയുമായി വീട്ടില്‍ പോകാം...

ഒരു കിലോ കൈമാറിയാല്‍ മൂന്ന് മുട്ട - രണ്ട് കിലോ കൈമാറിയാല്‍ ആറ് മുട്ട - പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി വേറിട്ട നടപടികളുമായി ജില്ലാ ഭരണകൂടം
പ്ലാസ്റ്റിക് തിരിച്ചു നല്‍കൂ; മുട്ടയുമായി വീട്ടില്‍ പോകാം...

ഹൈദ്രാബാദ്:  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ അത്യന്തം ഗുരുതരമാണ്. പൊതുജനങ്ങളെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി വേറിട്ട പരിപാടിയുമായി തെലങ്കാനയിലെ ജില്ലാ ഭരണകൂടം.രണ്ടുകിലോ പ്ലാസ്റ്റിക് മാലിന്യം കൈമാറിയാല്‍ പകരം ആറുമുട്ട കിട്ടും. ഒരു കിലോ പ്ലാസ്റ്റിക് കൈമായാല്‍ മൂന്നുമുട്ട. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയുടെ കളക്ടര്‍ ഡോ. എന്‍ സത്യനാരായണ.

ആരോഗ്യപരിസ്ഥിതി കാരണങ്ങള്‍ മുന്‍നിര്‍ത്തി സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം സംസ്ഥാനം നിരോധിക്കാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാസ്റ്റിക്കിന് പകരം മുട്ടയെന്ന ആശയവുമായി സത്യനാരായണ രംഗത്തെത്തിയതെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ ജീവനക്കാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ജില്ലാ അധികൃതര്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു സമിതിയും പദ്ധതിയുടെ നടപ്പാക്കലിനായി രൂപവത്കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ശേഖരിച്ച് കളക്ഷന്‍ പോയിന്റുകളിലൂടെ കൈമാറുന്നവര്‍ക്ക് മുട്ട ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സമിതിയുടെ ലക്ഷ്യം.

കഴിഞ്ഞ മൂന്നുമാസത്തിനിടെ, മൂന്ന് മുനിസിപ്പാലിറ്റികളില്‍നിന്ന് 14,900 കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ശേഖരിച്ചതെന്ന് സത്യനാരായണ പറയുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നൂതനവും ആരോഗ്യകരവുമായ എന്തെങ്കിലും ചെയ്താലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. അങ്ങനെയാണ് രണ്ട് കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് മാലിന്യത്തിന് ആറുമുട്ടയും ഒരു കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് മാലിന്യത്തിന് മൂന്നുമുട്ടയുമെന്ന ആശയത്തിലേക്ക് എത്തിയത് പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിന് സത്യനാരായണയുടെ മറുപടി ഇങ്ങനെ.

നിലവില്‍, പ്ലാസ്റ്റിക് കൊണ്ടുവന്നവര്‍ക്ക് പകരം നല്‍കാനുള്ള മുട്ട ലഭിക്കുന്നത് സംഭാവനകള്‍ വഴിയാണ്. ഇത് മതിയാകാതെ വരുന്നപക്ഷം കളക്ടേഴ്‌സ് ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും സത്യനാരായണ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com